ശ്രീനാരായണ ധർമ്മം
ആദ്യ പതിപ്പിന്റെ മുഖവുര
ഭാരതത്തിൽ ധർമ്മശാസ്ത്രങ്ങൾക്ക് കുറവൊന്നുമില്ല. പിന്നെന്തിനു ശ്രീ നാരായണ ഗുരുദേവൻ ഇങ്ങനെയൊരു ധർമ്മശാസ്ത്രം ഉപദേശിച്ചു എന്നൊരു ചോദ്യത്തിനിവിടെ അവകാശമുണ്ട്.
യാജ്ഞവല്ക്യസ്മൃതി, പരാശര സ്മൃതി, പ്രാചേതസ സ്മൃതി, ധർമ്മ സിന്ധു, മനുസ്മൃതി ആദിയായ വളരെ സ്മൃതികൾ പലകാലങ്ങളിലായി ഭാരതത്തിൽ ഉണ്ടായിട്ടുണ്ട്. ഈ സ്മൃതികൾ ഓരോന്നും പരിശോധിക്കുന്നതായാൽ അവ ഓരോ കാലങ്ങളിൽ ഉണ്ടായി രുന്ന ആചാരങ്ങളുടേയും നടപടികളുടേയും നിയമാവലികളായിരുന്നു എന്നു കാണുവാൻ കഴിയും. അനാചാരമായി ക്രമേണ സംഭവിച്ച ജാതിയെ സംരക്ഷിക്കുവാൻ പ്രസ്തുത സ്മൃതികളിൽ പലതും താങ്ങും തണലുമായി നില്ക്കുന്നുണ്ടെന്നും കാണാം. സ്മൃതി കാരൻമാർ അവരുടെ സ്വന്തം സിദ്ധാന്തങ്ങളും സ്മൃതി ഗ്രന്ഥങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
അയിത്തം ആദിയായ അനാചാരങ്ങളുടെ മൂർദ്ധന്യ ദശയിലാണ് ആചാര്യ പാദർ അവതരിച്ചത്.ദൃഷ്ടിയിൽപ്പെട്ടാൽത്തന്നെ തീണ്ടലുള്ളവരും അന്നുണ്ടായിരുന്നു. സ്വ സഹോദരങ്ങളെ മൃഗങ്ങളേക്കാൾ താണവരായി ഒരു കൂട്ടർ അന്ന് കരുതിയിരുന്നു. ഉച്ചനീചത്വങ്ങളായ ജാതികൾഉണ്ടാക്കിസ്മൃതികളാൽ കോട്ട കെട്ടി ഉറപ്പിക്കുകയും ചെയ്തിരുന്നു.
ഈ ദുസ്ഥിതി ഇന്ന് ഓർക്കുവാൻ പോലും കഴിയില്ല. നമ്പൂതിരി മുതൽ നായാടി വരെ അനേകം അനാചാരങ്ങളും ആവശ്യമില്ലാത്ത കെട്ടു കല്യാണം, തിരണ്ടു കുളി, പുളി കുടി മുതലായ അടിയന്തിരാദികളും നടത്തി അന്നു ധനം ദുർവ്യയം ചെയ്തു കൊണ്ടിരുന്നു. ചാത്തൻ,ചാമുണ്ഡി, വീരഭദ്രൻ,മറുത, കൊടും കാളി, യക്ഷി മുതലായ ദുർമൂർത്തികളെയും ലക്ഷോപലക്ഷം പിശാചുക്കളേയും അന്ന്ഒരു വലിയ ജനവിഭാഗം ഭയാനകമായ വിധം ആരാധിച്ചിരുന്നു. ചില ദേവൻമാരെയും ദേവിമാരേയും പ്രീതിപ്പെടുത്തുവാൻ ദേവാലയങ്ങളിൽ തെറിപ്പാട്ടുകളും ജന്തു ഹിംസകളും നടത്തിക്കൊണ്ടിരുന്നു. അവരെ സംപ്രീതരാക്കുവാൻ നരബലി പോലും നടത്തുവാൻ മടിച്ചിരുന്നില്ല. മാത്രമല്ല, ഒരുകൂട്ടർ ആരാധിക്കുന്ന ദേവാലയത്തിൽ ആ മതത്തിൽ തന്നെ വിശ്വാസമുള്ള അനേക ലക്ഷം പേർക്ക് പ്രവേശനവും അനുവദിച്ചിരുന്നില്ല. ഇതിനെല്ലാം ഒരു അറുതി വരുത്തുവാനാണ് ശ്രീ നാരായണൻ അവതരിച്ചതെന്ന് പിന്നീടുള്ള സംഭവങ്ങൾ വെളിപ്പെടുത്തുന്നു.
ബാല്യം മുതല്ക്കു തന്നെ മഹാ ഭക്തനും മഹാ പണ്ഡിതനുമായി തീർന്ന ആചാര്യ പാദർ യൗവ്വനകാലം ആരംഭിച്ചതോടു കൂടി പരിവ്രാജകനായി കഴിഞ്ഞു. അതിനു ശേഷം മരുത്വാമലയിലും മറ്റും പോയി തപസ്സു ചെയ്തു.
ജ്ഞാനവും ശക്തിയും സിദ്ധിച്ച ശേഷം താൻ ജനതാ മദ്ധ്യത്തിൽ വെളിപ്പെട്ടു. തന്റെ തപശക്തിയുടേയും ജ്ഞാനത്തിന്റെയും പ്രതിപ്രസരത്താൽ അനേക ലക്ഷം പേർ തന്റെ ആജ്ഞയ്ക്കു വിധേയരായി ആചാരപരിഷ്ക്കാരാദികൾ ആരംഭിച്ചു. പിശാചുക്കളെയും ദുർദേവതകളെയും ആരാധിക്കുന്ന സമ്പ്രദായം അകറ്റി ഏവർക്കും ദേവാലയങ്ങൾ ഉണ്ടാക്കി പ്രതിഷ്ഠകൾ നടത്തി ദൈവത്തെ പൂജിക്കാമെന്ന് കാണിച്ചു കൊടുത്തു. തന്റെ സങ്കല്പാനുസരണമുള്ള പ്രവർത്തനങ്ങളെല്ലാം തന്നെ വിജയിച്ചു.ക്രമേണ കേരളക്കരയിലുള്ള എല്ലാ ജനവിഭാഗങ്ങളും ആചാര്യ പാദർ അരുളിചെയ്ത ആചാരപരിഷ്ക്കാരങ്ങൾ അംഗീകരിച്ചു.. അവ നടപ്പിൽ വരുത്തി.
ഓരോരുത്തരും ഒന്നു പുറകോട്ടു സാവകാശംതിരിഞ്ഞു നോക്കിയാൽ ചരിത്രപരമായ ഈ വസ്തുത മനസ്സിലാക്കാവുന്നതാണ്. വിഭിന്ന മത വിശ്വാസങ്ങളും ആചാരങ്ങളും ജാതി വിചാരങ്ങളും തൻമൂലമുള്ള അസ്പൃശ്യതകളും ഹേതുവായി പരസ്പരം സൗഹാർദ്ദവും സ്നേഹവും ഐക്യവും ഇല്ലാതെ കഴിയുന്ന ജനസമൂഹം ഇനിയെങ്കിലും ഏകോപിച്ച് എല്ലാവരും മനുഷ്യർ തന്നെ എന്നുള്ള ബോധത്തോടു കൂടി സ്നേഹമായി കഴിയുന്ന മെന്നും അതാണ് യഥാർത്ഥമായ മനുഷ്യധർമ്മമെന്നും ഗുരുദേവൻ കണ്ടു. അതിനുതകുന്ന ധർമ്മശാസ്ത്രം ഉണ്ടാകേണ്ടത് ആവശ്യമെന്നും ആചാര്യ പാദർ ധരിച്ചു.അതിന്റെ ഫലമാണ് ശ്രീ നാരായണ ധർമ്മം.
ഭാരത യുദ്ധാരംഭത്തിൽ ധർമ്മക്ഷേത്രത്തിൽ വച്ച് അർജ്ജുനൻ ധർമ്മാധർമ്മങ്ങളെ പറ്റി തന്റെ സംശയങ്ങൾ ഭഗവാനോടു ചോദിക്കുന്നു. ഭഗവാൻ അതിനെല്ലാം തക്കതായ മറുപടി പറയുന്നു.വ്യാസമഹർഷി ആ ധർമ്മോപദേശങ്ങളെല്ലാം ചോദ്യോത്തര രൂപേണ പദ്യമാക്കി ലോകത്തിനു സംഭാവന ചെയ്തു. ഇവ പദ്യമാക്കിയതെന്നാണെന്നും എവിടെ വച്ചാണെന്നും തിട്ടമില്ല. എങ്കിലും ഭഗവത് ഗീത ലോ കോത്തരമായ ഒരു മഹാഗ്രന്ഥമായി ഇന്നും ശോഭിക്കുന്നു.
ഗീതയെ അനുകരിച്ച് ചോദ്യോത്തരമായി എഴുതിയിട്ടുള്ളതാണ് ശ്രീ നാരായണ ധർമ്മം.ശ്രീബോധാനന്ദ സ്വാമികൾ തുടങ്ങിയ ശിഷ്യപ്രമുഖൻമാർ ധർമ്മാധർമ്മങ്ങളെ സംബന്ധിച്ചുള്ള അവരുടെ സംശയങ്ങൾ ചോദിക്കുന്നു. ഗുരു അതിനെല്ലാം ഉപദേശ രൂപത്തിൽ മറുപടി പറയുന്നു.
പ്രസ്തുത ഉപദേശങ്ങൾ പദ്യങ്ങളാക്കുവാൻ തന്റെ ശിഷ്യ പ്രമുഖരിൽ ഒരാളും പണ്ഡിതാ ഗ്രേസ ര നുമായ ശ്രീമത് ആത്മാനന്ദ സ്വാമികളോട് ഗുരുദേവൻ ആജ്ഞാപിച്ചു.സ്വാമികൾ അവ പദ്യങ്ങളാക്കി അന്നന്ന് ഗുരുദേവനെ വായിച്ചു കേൾപ്പിച്ചു.
തത്വ പരമായും വേദാന്തപരമായും സംസ്കൃതത്തിലും മലയാളത്തിലും പ്രൗഢവും അർത്ഥഗംഭീരവുമായ അനേകം കവിതകൾ രചിച്ചിട്ടുള്ള ഗുരുദേവൻ തന്നെ ശ്രീ നാരായണ ധർമ്മം അന്നന്ന് പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നുള്ള വിവരം ശ്രീ ആത്മാനന്ദ സ്വാമികൾ തന്റെ പ്രസ്താവനയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ശ്രീ നാരായണ ധർമ്മം മൂലശ്ലോകങ്ങളുടെ സാരം ഗുരുദേവന്റെ ജീവിതകാലത്തു തന്നെ ശ്രീബോധാനന്ദ സ്വാമികൾ 'ധർമ്മം' പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.കൂടാതെ എന്റെ ആധിപത്യത്തിൽ നടത്തിക്കൊണ്ടിരുന്ന നവജീവൻ ആഴ്ചപതിപ്പിൽ മൂലശ്ലോകങ്ങളെല്ലാം 1 120-ൽ ചേർത്തിരിക്കുന്നു. അതിനു ശേഷം ഇതിലെ പ്രതിപാദ്യങ്ങളിൽ ഉൾപ്പെട്ട ബ്രഹ്മചര്യം, പഞ്ച ശുദ്ധി, പഞ്ച ധർമ്മം, ഏക ജാതി മതസന്ദേശം, എന്നീ വിഷയങ്ങളുടെ വ്യാഖ്യാനം ശിവഗിരി മാസികയിൽ ചേർക്കുകയും അത് പുസ്തക രൂപേണ ഞാൻ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
തലശ്ശേരി കെ.വി.എം ഗുരുക്കൾ ഇതിലെ ആദ്യ മുള്ള ഇരുപത്തെട്ട് പദ്യങ്ങൾക്ക് ഒരു ഭാഷ്യം എഴുതുകയും അത് നവജീവനിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. ജ്ഞാന വൃദ്ധനും, വയോവൃദ്ധനും ഗുരുദേവനാൽ അനുഗൃഹീതനമായ ശ്രീമത് ആത്മാനന്ദ സ്വാമികൾ അമൂല്യമായ പ്രസ്താവന എഴുതി സ്വ കൃത്യം നിർവ്വഹിച്ചതിനാൽ അത്യന്തം അഭിനന്ദിക്കുന്നു.
'ശ്രീ നാരായണ ധർമ്മം' പ്രചരിച്ച് മനുഷ്യരിൽ ഐക്യവും സൗഹാർദ്ദവും സ്നേഹവും, ഐശ്വര്യവും സമാധാനവും ഉണ്ടാകുവാൻ ഇടയായാൽ ഈയുള്ളവന്റെ ഉദ്യമം ഫലപ്രാപ്തിയിൽ എത്തിയെന്നു വിശ്വസിക്കാം. വ്യാഖ്യാനത്തിൽ എന്തെങ്കിലും അഭിപ്രായഭേദങ്ങൾ സഹൃദയൻ മാർക്കുണ്ടെങ്കിൽ അടുത്ത പതിപ്പിൽ ആവശ്യമായ ഭേദഗതികൾ ചെയ്യാമെന്നുള്ള പ്രതിജ്ഞയോടു കൂടി 'ശ്രീ നാരായണ ധർമ്മം' സജ്ജന സമക്ഷം സമർപ്പിച്ചു കൊള്ളുന്നു.
സ്വാമി ശ്രീ നാരായണ തീർത്ഥർ
വ്യാഖ്യാതാവ്
ശിവഗിരി മഠം
2 - 5 -1980

0 comments :
Post a Comment