Home » » മുംബൈ ശ്രീ നാരായണ മന്ദിര സമിതി.

മുംബൈ ശ്രീ നാരായണ മന്ദിര സമിതി.

Written By Unknown on Friday, 24 June 2016 | 22:46





മുംബൈ ശ്രീ നാരായണ മന്ദിര സമിതി.
ഗുരുഭക്തരെ,
അനിർവ്വചനീയമായ ആനന്ദത്തോടു കൂടി ഈ മഹാപ്രസ്ഥാനത്തെ നിങ്ങൾക്കു പരിചയപ്പെടുത്തട്ടെ. ഒരു പക്ഷേ -- കേരളത്തിനു വെളിയിൽ പടർന്നു പന്തലിച്ച ഏറ്റവും വലിയ ഗുരുദേവ പ്രസ്ഥാനമായ,മുംബൈ ശ്രീ നാരായണ മന്ദിരസമിതിയെ.
ഡോ: കെ.കെ ദാമോദരൻ എന്ന മഹാപ്രതിഭയുടെ കരതലങ്ങളാൽ നട്ടുനനയ്ക്കപ്പെട്ട, വളർന്നു വലുതായി, വൃക്ഷമല്ല, വടവൃക്ഷമായി പന്തലിച്ച് മുംബൈ നഗരത്തിന്റെ തണലായി മാറിയ ശ്രീ നാരായണ മന്ദിര സമിതിയെ, കാണാനും, അറിയാനും ഉള്ള അടങ്ങാത്ത ആഗ്രഹം സഫലമായത് വലിയ ഗുരു കടാക്ഷമായി ഞാൻ കരുതുന്നു. ഈ സൗഭാഗ്യത്തിന്റെ അനുഭവസാക്ഷ്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കട്ടെ.
2016 ജൂൺ മാസം 18 ആം തീയതി ഒരു ഇഫ്ത്താർ വിരുന്നിൽ പങ്കെടുത്ത് തിടുക്കത്തിൽ ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനിലേയ്ക്ക് പുറപ്പെട്ടപ്പോൾ അതിശക്തമായ മഴയിൽ നഗരം വല്ലാത്ത ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ടിരുന്നു. രാത്രി 8.45-ന് ഉള്ള ഉദ്യാൻ എക്സപ്രസ്സിൽ മജിസ്ടിക്കിൽ നിന്ന് കയറുവാൻ കഴിഞ്ഞത് ഭാഗ്യം തന്നെ.
ആദ്യമായി മുംബൈയ്ക്കു പോകുന്നു. അതും തനിച്ച്.24മണിക്കൂർ നീണ്ട, ട്രയിൻ യാത്ര.
ബാംഗ്ലൂരിന്റെ മണ്ണിൽനിന്ന്, മുംബൈയുടെ മണ്ണിലേക്ക് പ്രവേശിക്കുമ്പോൾ, ഹൊ എന്തെല്ലാം മാറ്റങ്ങൾ????
മുംബൈ പ്രധാന റെയിൽ സ്റ്റേഷനായ CST യിൽ ഇറങ്ങി ലോക്കൽ ട്രയിൻ കയറി, നെരൂൽ സ്റ്റേഷനിൽ എത്തിയപ്പോൾ രാത്രി 9.30. പ്രതീക്ഷിച്ചതു പോലെ എന്റെ ആത്മ സുഹൃത്ത്, ശിവഗിരി മുൻ ബ്രഹ്മ വിദ്യാർത്ഥിയും,ഗുരുദേവഗിരിയിലെ മുഖ്യ പൂജാരിയുമായ ശ്രീ ശിവൻ ശാന്തികൾ എന്നെ കാത്തു നിന്നിരുന്നു.
നെരൂളിലെ ഗുരുദേവഗിരി
അതി മനോഹരവും പ്രശാന്തവുമായ ഒരു കുന്നിൻമുകളിൽ ദൈവിക ചൈതന്യത്തിന്റെ ദീപസ്തംഭമായി ഗുരുദേവഗിരി ക്ഷേത്ര സമുച്ഛയം സ്ഥിതിചെയ്യുന്നു. കമനീയമായ, ഒരു നാലുനില മണിമാളികയുടെ മുൻവശത്ത്, വലതു ഭാഗത്ത് അതിവിദഗ്ദ ശില്പകരങ്ങളാൽ നിർമ്മിക്കപ്പെട്ട, ഗുരു ക്ഷേത്രം. ഉള്ളിൽ ഗുരുദേവന്റെ തിരുവുടൽ വെണ്ണക്കല്ലിൽ കൊത്തി പ്രതിഷ്ഠിച്ചിരിക്കുന്നു -
ഇടത്തു ഭാഗത്താകാട്ടെ, കൈലാസ ഗിരിനാഥൻ ശിവലിംഗ രൂപേണ, സമസ്ത മംഗള കാരിയായി ഭവിക്കുന്നു.
ഈ ക്ഷേത്ര സമുച്ഛയത്തിന്റെ ഇരുവശത്തും ആത്മീയ ചൈതന്യം പ്രസരിപ്പിച്ചു കൊണ്ട്, മലയാളികൾ നടത്തുന്ന ലിറ്റിൽ ഫ്ലവർ ക്രിസ്ത്യൻ പള്ളിയും, മാതാ അമൃതാനന്ദമയിയുടെ ബ്രഹ്മസ്ഥാനപീഠവും സ്ഥിതി ചെയ്യുന്നു.
ഗുരുദേവന്റെ ദിവ്യദേഹ അവശിഷ്ടമായ ദിവ്യ ദന്തം സംരക്ഷിക്കപ്പെടുന്ന ഈ ബഹുനില മന്ദിരം 2005-ൽ ബഹു:മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ ഉദ്ഘാടനം ചെയ്തു.ഇന്റർനാഷണൽ സെന്റർ ഓഫ് ശ്രീ നാരായണ സ്റ്റഡീസ് ഇവിടെയാണ് പ്രവർത്തിക്കുന്നത്.അതിവിശാലമായ ഓപ്പൺ ഹാൾ, 1000, പേർക്കും 800 പേർക്കും ഇരിക്കാവുന്ന രണ്ട് ആ ഡിറ്റോറിയങ്ങൾ, വിശാലമായലൈബ്രറി, ഗസ്റ്റ് റൂമുകൾ, തുടങ്ങി പൂജാരിമാർക്കു താമസിക്കുവാൻ എ.സി അറ്റാച്ചഡ് ശാന്തി മഠം എല്ലാം ഇവിടെ സജ്ജമാണ്.
യാത്രാ ക്ഷീണമുണ്ടായിരുന്നെങ്കിലും അതിരാവിലെ ഉണർന്ന് ഞാനും പൂജാ കാര്യങ്ങളിൽ പങ്കാളിയായി. ഭക്തജനങ്ങൾ നിരവധി പേർ എത്തുന്നുണ്ട്. പൂജാരിമാരും, മറ്റു സേവകരും നല്ല ജോലിത്തിരക്കിൽ തന്നെ.മാനേജരെ കൂടാതെ ക്ഷേത്ര വഴിപാടുകൾക്ക് റെസീപ്റ്റ് മുറിക്കാൻ മാത്രമായി പാർട്ട് ടൈം ജോലിക്കാരുണ്ട്. സെക്യൂരിറ്റികൾ, ക്ലീനറുമാർ തുടങ്ങി മറ്റു പലരും പ്രസ്ഥാനത്തിന്റെ ചൈതന്യ പുഷ്ടിക്കായി അനുനിമിഷം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
ഇത്രയും പേർക്ക് മാന്യമായ ശമ്പളം കൊടുക്കുന്നത് എങ്ങനെയെന്ന് നിങ്ങൾ ചിന്തിച്ചേക്കാം.....
പക്ഷേ.. ഈ പ്രസ്ഥാനത്തിന്റെ വളർച്ചയും ഉയർച്ചയും അതിനു മറുപടി പറയട്ടെ.
1963 ലാണ് ചെമ്പൂർ ആസ്ഥാനമായി ശ്രീ നാരായണ മന്ദിര സമിതി രൂപം കൊള്ളുന്നത്.ശ്രീNA ഭരതൻ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. അദ്ദേഹം തന്നെയാണ് ബാംഗ്ലൂർ ശ്രീ നാരായണ സമിതിയുടേയും സ്ഥാപക സെക്രട്ടറി.
ഏതായാലും ഈ അമ്പത്തിരണ്ടുവർഷങ്ങൾ..എത്രയോ മഹത്തരമായ വളർച്ചയാണ് മന്ദിര സമിതിക്കു നല്കിയത്.
ഗുരുവിന്റെ മഹാസന്ദേശങ്ങൾ സാക്ഷാത്ക്കരിക്കുവാൻ ഗുരുഭക്തരായ ധീര പ്രവർത്തകരെ ഒന്നിപ്പിക്കാൻ സാധിച്ചപ്പോൾ,, ഇവിടെ സംഭവിച്ചത്... ഒന്നും അത്ഭുതമല്ല, കഠിന പ്രയത്നത്തിന്റെ വിസ്മയവിജയങ്ങളാണ്.
നോക്കൂ...
1.ഗുരുദേവ പ്രതിഷ്ഠകൾ നിർവ്വഹിക്കപ്പെട്ട 17 ആരാധനാലയങ്ങൾമുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മന്ദിര സമിതിയുടെ യശസ്സുണർത്തുന്നു.
2. അഞ്ചു സോണകളിലായി 29യൂണിറ്റുകൾസുസജ്ജം.850 രക്ഷാധികാരികൾ.14000-ൽ പരം ആ ജീവനാന്ത അംഗങ്ങൾ
3. ചെമ്പൂരിന്റ ഹൃദയഭാഗത്ത് 6.5 ഏക്കറിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.നേഴ്സറി മുതൽ ലോ കോളേജ് വരെ ഏകദേശം 8 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 6000-ത്തിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.
4. ഗുരുവിനെ പറ്റി സമഗ്ര പഠനത്തിനായി അന്താരാഷ്ട്രാ പഠനകേന്ദ്രം.
5. ഹരിദ്വാറിൽ സ്വന്തമായി ആശ്രമം
6. ജീവകാരുണ്യ പ്രവർത്തനങ്ങൾ.
7.ശിവഗിരി തീർത്ഥാടനത്തെ അനുസ്മരിപ്പിക്കുന്ന, ആയിരക്കണക്കിന് തീർത്ഥാടകർ പങ്കെടുക്കുന്ന ഗുരുദേവഗിരി തീർത്ഥാടനം.
8. അന്ന ദാനത്തോടു കൂടിനടക്കുന്ന മാസ ചതയ പൂജകൾ. 9. ഗുരുദേവന്റെ ഏക ഭൗതികദേഹാവശിഷ്ടമായ ദിവ്യ ദന്തം സൂക്ഷിച്ചിരിക്കുന്ന ഗുരുദേവഗിരിയിൽ വർഷത്തിൽ ഒരിക്കൽ മാത്രം അതു ദർശിക്കുവാനുള്ള സുവർണ്ണാവസരം. ഗുരുദേവഗിരി തീർത്ഥാടനത്തിലാണ് ദിവ്യ ദന്ത ദർശനത്തിനായി ആയിരങ്ങൾ എത്തുന്നത്. ......അങ്ങനെ ഒരു യഥാർത്ഥ ശ്രീ നാരായണ പ്രസ്ഥാനം എങ്ങിനെ ആണെ ന്നുള്ളതിന്റെ ചൂണ്ടുപലക മുംബൈ ശ്രീ നാരായണ മന്ദിര സമിതിയിലേക്ക് തിരിഞ്ഞിരിക്കുന്നു. കാരണം ഇതിനെ നയിക്കുന്നത് യഥാർത്ഥ ഗുരുഭക്തരാണ്.
11 മണിക്ക് അമ്പലത്തിലെ നിത്യപാലനങ്ങൾ കഴിഞ്ഞ് ശാന്തിയായ സദാശിവനോടൊപ്പം ആസ്ഥാന കേന്ദ്രമായ ചെമ്പൂരിലേയ്ക്ക് പുറപ്പെട്ടു. അതിവിശാലമായ കോമ്പൗണ്ടിന്റെ പ്രവേശന കവാടത്തിൽ തന്നെ ഈ പ്രസ്ഥാനത്തിന്റെ മഹാനായ നേതാവ് ഡോ: കെ കെ ദാമോദരന്റെ പൂർണ്ണകായ വെങ്കല പ്രതിമ ശിരസ്സുയർത്തി നില്ക്കുന്നു. നമിക്കുന്നൂ.. മഹാത്മാവേ....
എല്ലായിടവും ഒന്നു ചുറ്റി നടന്നു കാണുവാൻ സമയം ഏറെ എടുത്തു.പ്രധാന കാര്യാലയത്തിൽ പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ശ്രീ എൻ എസ് സലിം കുമാറുമായി കണ്ടുമുട്ടി. സൗഹൃദ സംഭാഷണത്തിനു ശേഷം അവർ നല്കിയ ഉച്ചഭക്ഷണത്തിനു ശേഷം നെരൂലിലേയ്ക്ക് മടക്കയാത്ര.
നെരൂൽ അയ്യപ്പക്ഷേത്രം, ശനീശ്വര ക്ഷേത്രം, ഹനുമാൻ ക്ഷേത്രം,ബാലാജി ക്ഷേത്രം എന്നിവടങ്ങളിലും ദർശന സൗഭാഗ്യം.
ഇന്ന് സമയം സന്ധ്യയായിരിക്കുന്നു. ഗുരുദേവഗിരിയിൽ പ്രദോഷപൂജനടക്കുന്നു. ശിവഗിരി മഹാസമാധിമണ്ഡപത്തെ അനുസ്മരിപ്പിക്കുന്ന ഭക്തി സാന്ദ്രത. എത്രയോ ഭക്തജനങ്ങളാണ് ഇവിടെ സന്ദർശകരായി എത്തുന്നത്. അവർക്ക് ജാതി-മത-ഭാഷാ-ദേശ ഭേദം തരിമ്പും ഉണ്ടെന്നു തോന്നുന്നില്ല. എല്ലാവരും ഗുരുഭക്തർ.
ഇപ്പോൾ സമയം രാത്രി ഒൻപതു മണി. ഈ സമയത്തും പ്രസ്ഥാനത്തെ വളർത്തുവാൻ, ചെയർമാൻ എം ഐ ദാമോദരൻ ഉൾപ്പെടെ ഭാരവാഹികൾ യോഗം ചേർന്നു കൊണ്ടിരിക്കുന്നു..
ഗുരുദേവ കൃതിയായ ദർശനമാലയുടെ രചനാ ശതാബ്ദിയോടനുബന്ധിച്ച്, മീരാ നഗർ ഗുരു സെന്ററിൽ നടക്കുന്ന, സ്വാമിമുക്താനന്ദഗിരി നയിക്കുന്ന പഞ്ചദിന സപര്യവിജയിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം..
ഗുരുവേ ശരണം.....
SHARE

About Unknown

0 comments :

Post a Comment