Home » » എം എച്ച് ശാസ്ത്രികൾ

എം എച്ച് ശാസ്ത്രികൾ

Written By Unknown on Thursday, 21 January 2016 | 21:38


എം എച്ച് ശാസ്ത്രികൾ

അറിവെന്നാല്‍ അലങ്കാരമല്ലെന്നും അതൊരു സിദ്ധിയും സാധനയുമാണെന്ന് ജീവിതംകൊണ്ടു തെളിയിച്ച മഹാപുരുഷന്‍ എം.എച്ച്. ശാസ്ത്രികള്‍ 2012 ഏപ്രില്‍ 11- തീയതി ബാംഗ്ലൂരില്‍ നിര്യാതനായി. നാം കാണാതെ പോയ അറിവിന്‍റെ ആ വന്‍മരം കാലഗതിയില്‍ വിലയം പ്രാപിച്ചപ്പോള്‍ ഏതാനും മാധ്യമങ്ങള്‍ മാത്രമാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. നമ്മുടെ സാംസ്ക്കാരിക ജീവിതത്തിലെ കെട്ടുകാഴ്ചകള്‍ക്കു പിന്നാലെ ഉത്സവാവേശത്തില്‍ ഓടിപ്പോകുന്ന മലയാളികളില്‍ ബഹുഭൂരിപക്ഷത്തിനും എം.എച്ച്. ശാസ്ത്രികള്‍ എന്ന മഹാമനീഷിയെ തിരിച്ചറിയുവാന്‍ കഴിഞ്ഞിരുന്നില്ല. കേരളം കണ്ട സംസ്കൃതപണ്ഡിതരില്‍ അഗ്രഗണ്യനായിരുന്ന അദ്ദേഹം അധ്യാപനത്തിലും എഴുത്തിലും വായനയിലും ചിന്തയിലുമായി ഒരു ശതാബ്ദക്കാലം നമ്മുടെ മണ്ണില്‍ ജീവിച്ചിരുന്നു. ഒരു പുരുഷായുസ്സിനെ സഫലമായി വിനിയോഗിച്ച എം. ഹരിഹര ശാസ്ത്രികളെ പ്രഫ. . കൃഷ്ണന്‍നായര്‍ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: “എം.എച്ച്. ശാസ്ത്രികള്‍ ആരാണെന്നു ചോദിച്ചാല്‍ - മഹാപണ്ഡിതന്‍, പരമകാരുണികനായ മഹാമനസ്ക്കന്‍,സത്വഗുണപ്രധാനിയായ വേദാന്തി, ഇന്നു കേരളത്തില്‍ ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ അദ്വിതീയന്‍’’ ഇങ്ങനെയാവും എന്‍റെ മറുപടി.”കാശിയിലെ ബ്രാഹ്മണ പണ്ഡിതകുലത്തില്‍നിന്നും കേരളത്തിനു കിട്ടിയ മാണിക്യമാണ് എം.എച്ച്. ശാസ്ത്രികള്‍. കാശീസന്ദര്‍ശനത്തിനെത്തിയ തിരുവിതാംകൂര്‍ മഹാരാജാവ് ശാസ്ത്രികളുടെ പ്രപിതാമഹനായ വിശ്വനാഥ ശാസ്ത്രികളെ കേരളത്തിലേക്ക് ക്ഷണിച്ച് ആറ്റിങ്ങലിനടുത്ത് അവനവഞ്ചേരി എന്ന ഗ്രാമം കരമൊഴിവാക്കി പതിച്ചു കൊടുക്കുകയായിരുന്നു. വേദവേദാംഗ വിഷയങ്ങള്‍ മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം.
വി. മഹാദേവയ്യരുടെയും ഭഗവതിയമ്മാളുടെയും മകനായി 1911-ലാണ് ജനനം. തിരുവനന്തപുരം സംസ്കൃതകോളേജില്‍നിന്നും ശാസ്ത്രിപരീക്ഷ ഒന്നാം റാങ്കില്‍ പാസ്സായി. വ്യകരണത്തിലെ അവസാനവാക്കായ അദ്ദേഹം വ്യാകരണം ജ്യോതിഷം എന്നിവയില്‍ സംസ്കൃതകോളേജിലെ അദ്ധ്യക്ഷനായി. നടന്‍, നാടകകൃത്ത് എന്നീ നിലകളില്‍ മകവു തെളിയിച്ച അദ്ദേഹം ശ്രീനാരായണ ഗുരുദേവന്‍റെ ഒട്ടുമിക്ക കൃതികള്‍ക്കും വ്യാഖ്യാനം എഴുതി. ശിവഗിരി ശ്രീ ബ്രഹ്മവിദ്യാലയത്തിന്‍റെ പ്രഥമമുഖ്യാചാര്യനായി. ഗുരുനിയോഗത്തില്‍ നിരവധി പണ്ഡിത ശ്രേഷ്ഠരായ സന്ന്യാസിമാരില്‍ ഗുരുദര്‍ശനത്തിന്‍റെ അകവും പുറവും വിളങ്ങുന്ന വെളിച്ചം നിറച്ചു. ഉണ്ണായി വാര്യരുടെ നളചരിതത്തിന് രസിക കൗതുകം തുടങ്ങി ഒട്ടേറെ സംസ്കൃത കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നടരാജഗുരുവും നിത്യചൈതന്യമായി അടുത്ത സൗഹൃദബന്ധം പുലര്‍ത്തിയ ശാസ്ത്രികള്‍ ശിവഗിരി മഠത്തിന്‍റെ അഭിമാനമായിരുന്നു. കാലടി സര്‍വകലാശാല അദ്ദേഹത്തെ ഡി.ലിറ്റ് നല്കി ആദരിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമിയുടെ ബഹുമതി, 1991-ല്‍ രാഷ്ട്രപതിയുടെ ഓറിയന്‍റല്‍
സ്കോളര്‍ ബഹുമതി അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ഞാനെന്ന ഭാവത്തെ കാണാമറയത്തു നിര്‍ത്തിയ ആ മഹാനുഭാവന്‍ പത്രവാര്‍ത്തകളില്‍നിന്നും ചാനല്‍ ഫീച്ചറുകളില്‍നിന്നും സ്വയം ഒഴിഞ്ഞുനിന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ അഞ്ചുവര്‍ഷമായി ബാംഗ്ലൂരിലെ മല്ലേശ്വരത്ത് മകന്‍റെ വീട്ടില്‍ വിശ്രമജീവിതം നയിച്ചുവന്ന ആ മല്ലിപ്പൂവിന്‍റെ ശാന്തതയും ബാംഗ്ലൂര്‍ മലയാളികള്‍ക്കും അനുഭവവേദ്യമായില്ല.അറിവിന്‍റെ വൈഭവമായ, വിനയത്തിന്‍റെ വിസ്മയമായ എം.എച്ച്. ശാസ്ത്രികള്‍ക്ക് ആദരാഞ്ജലികള്‍.
SHARE

About Unknown

0 comments :

Post a Comment