Home » »

Written By Unknown on Friday, 16 January 2015 | 02:43


ഞാന്‍ ഉദ്യേഗപൂര്‍വം കാര്യം തിരക്കി......വിജനമായ ആ സ്ഥലത്ത് ബസ്സിറങ്ങിയ ആ പെണ്‍കുട്ടിയെ അജ്ഞാതരായ ചിലര്‍ കാറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചെത്രെ!                            

                                    നീരാളി .

                         സൂക്ഷിക്കുക....ഈ നീരാളിപ്പിടിയില്‍ പെടാതിരിക്കാന്‍..!!! . .

 രൂപം കൊണ്ട് യാചകന്‍.പക്ഷേ പെരുമാറ്റം അതിശയകരം. ആ യുവാവിനെപ്പറ്റി ആദ്യം പറയാനുള്ളത് ഇതാണ്.ആദ്യം കണ്ടത് നഗരത്തിലെ ഒരു കോഫീ ഷോപ്പില്‍ വച്ച്.വിശപ്പും ദാഹവും പരിക്ഷീണിതനാക്കിയ അയാളുടെ നിര്‍ദ്ദോഷകരവും എന്നാല്‍ അഭിനന്ദകരവുമായ ഒരു പ്രവൃത്തിയിലൂടെ തുടങ്ങാം. . വളരെ കരുതലോടെ ഒരു നനഞ്ഞ തുണികൊണ്ട് ആ യുവാവ് റോഡരുകില്‍ പാര്‍ക്കു ചെയ്തിരുന്ന കാര്‍ തുടച്ചു വൃത്തിയാക്കുന്നു.ഒന്നിനു പുറമേ മറ്റു മൂന്ന് കൂടി വൃത്തിയാക്കിയശേഷം ആകാംഷയോടെ കാത്തുനില്ക്കുന്നു. കാറിന്റെ ഉടമസ്ഥര്‍ വന്നപ്പോള്‍ ഒന്നും ആവശ്യപ്പെടുന്നതായി കണ്ടില്ല.അവരില്‍ ചിലര്‍ നല്‍കിയപണം ഭവ്യതയോടെ വാങ്ങി.കൊടുക്കാത്തവരോട് യാതൊരു പരിഭവവും പ്രകടിപ്പിച്ചതുമില്ല. . 


പിന്നീടൊരിക്കല്‍ വിവാഹസദ്യാലയത്തില്‍ ഒരുനേരത്തെ ആഹാരത്തിനുവേണ്ടി ഔദാര്യത്തിനു നില്‍ക്കാതെ സേവനസന്നദ്ധനായ ആ യുവാവിനെ വീണ്ടും ശ്രദ്ധിച്ചു.പക്ഷേ ഏറ്റവും ഹ്രൃദയാകര്‍ഷകമായത് ബംഗളൂരിലെ മഡിവാള ബസ്റ്റോപ്പില്‍ വച്ചുണ്ടായ ഒരു സംഭവത്തിലൂടെയാണ്.....


വെളുപ്പിന് അഞ്ചു മണിക്ക് കേരളത്തില്‍ നിന്നുള്ള പ്രൈവറ്റ് ബസില്‍ വന്നിറങ്ങവേ വീണ്ടും ഇയാളെ കണ്ടു,പരിതാപകരമായ അവസ്ഥയില്‍.ആരുടേയോ മര്‍ദ്ദനമേറ്റ് എണീക്കുവാന്‍ പോലുമാകാത്ത സ്ഥിതി. സമീപത്ത് ഭയവിഭ്രമങ്ങളാല്‍ പകച്ചു നില്ക്കുന്ന ഒരു പെണ്‍കുട്ടിയുമുണ്ട്.ഞാന്‍ ഉദ്യേഗപൂര്‍വം കാര്യം തിരക്കി......വിജനമായ ആ സ്ഥലത്ത് ബസ്സിറങ്ങിയ ആ പെണ്‍കുട്ടിയെ അജ്ഞാതരായ ചിലര്‍ കാറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചെത്രെ! സഹായത്തിന് അയാള്‍ മാത്രമേ ഓടിയെത്തിയുള്ളൂ .പാവത്തിന് ഒരുപാട് തല്ലു കൊള്ളേണ്ടി വന്നു.ഒടുവില്‍ അയാളുടെ നിലവിളി കേട്ട് ആളുകള്‍ കൂടിയപ്പോള്‍ അക്രമികള്‍ രക്ഷപെട്ടത്രെ.എന്തുകൊണ്ടോ അയാളെ അവണിക്കുവാനെനിക്കായില്ല.പെണ്‍കുട്ടിയെ സുഹൃത്തുക്കളാരോ വന്ന് കൂട്ടിക്കൊണ്ടു പോയി.അയാളെ ഹോസ്പിറ്റലില്‍ എത്തിക്കാമെന്നെനിക്കു തോന്നി.പക്ഷേ നിരസിക്കുകയാണുണ്ടാത്.ഒന്നെനിക്ക് മനസ്സിലായി.അയാള്‍ മലയാളിയാണ്.കുറച്ചു കാശിനൊപ്പം എന്റെ വിസിറ്റിംങ് കാര്‍ഡും പോക്കറ്റിലിട്ടു കൊടുത്തു.വേണ്ടിവന്നാല്‍ ഫോണ്‍ വിളിക്കാനും പറഞ്ഞ് മനസ്സില്ലാമനസ്സോടെ ഞാന്‍ വിട വാങ്ങി. . 


ദിവസങ്ങള്‍ക്കു ശേഷം അപ്രതീക്ഷിതമായി അയാള്‍ എന്റെ വീട്ടുഗേറ്റിന്റെ മുമ്പില്‍ വന്നു.പൂച്ചെടികള്‍ക്ക് വെള്ളം നനയ്ക്കുകയാരുന്ന എന്റെ ശ്രദ്ധ എങ്ങിനെയോ ആ വഴിപോക്കനിലെത്തുകയായിരുന്നു.വീണ്ടും ക്ഷീണിതനായിരിക്കുന്നുവെങ്കിലും പെട്ടെന്നുതന്നെ ആളെ തിരിച്ചറിഞ്ഞു. . അല്പം സങ്കോചത്തോടെയാണെങ്കിലും വീട്ടിലേക്കുള്ള ക്ഷണമയാള്‍ സ്വീകരിച്ചു.സിറ്റൗട്ടിന്റെ പടിക്കല്‍ നില്കാനല്ലാതെ ഇരിക്കുവാന്‍ കൂട്ടാക്കിയില്ല. . അവനെക്കുറിച്ച് എല്ലാം ചോദിച്ചറിയണമെന്ന് ഞാന്‍ തീരുമാനിച്ചു. പേര് പ്രകാശെന്നും നാട് കല്പാത്തിയാണെന്നും പറഞ്ഞു. .പിന്നീടുള്ള എന്റെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതുപോലെ തോന്നി. 


ഇതിനകം എന്റെ ഭാര്യ ഒരു പ്ലേറ്റു നിറയെ ഇഡ്ഡലിയും പലഹാരങ്ങളും അവനായി കൊണ്ടുവന്നു.അയാളെപ്പറ്റി നേരത്തെതന്നെ മനസ്സിലാക്കിയിരുന്ന ഭാര്യ സ്നേഹപൂര്‍വ്വം പറഞ്ഞു..... .


ഇതാ ഇതു കഴിക്കണം....വെറുതേ വേണ്ടാട്ടോ...!!ഞങ്ങള്‍ ഇയാള്‍ടെ സഹായം പ്രതീക്ഷിക്കുന്നു. നോക്കൂ ....ആ ചെടികള്‍ക്കിടയില്‍ നിറയെ കാടും കളയുമാണ്,,,ഒക്കെ ഒന്നു വൃത്തിയാക്കിത്തരണം...... . 


ഓഹ്...തീര്‍ച്ചയായും ദാ...യിപ്പത്തന്നെ.!!! തെളിഞ്ഞമുഖത്തോടെ അവന്‍ പറഞ്ഞു. . വേണ്ട....വേണ്ട. ആദ്യം ഭക്ഷണം പിന്നെ ജോലി. ഞാന്‍ പറഞ്ഞു. . 


ആ ചെറുപ്പക്കാരന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാനും ഭാര്യയും അവനെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. നല്ല പെരുമാറ്റം. കുലീനത്വവും വിനയവുമുണ്ട്.പക്ഷേ ഇവനെന്തേ ഇങ്ങിനെയാവാന്‍...?എന്തെങ്കിലും ജോലി തരപ്പെടുത്തിക്കൊടുത്താലോ..? . 


പ്രകാശ് എവിടെ വരെ പഠിച്ചു ? 

എന്റെ ചോദ്യം കേട്ടതായി ഗൗനിച്ചില്ല. . എന്തിനിങ്ങനെ അലഞ്ഞുതിരിയുന്നു. തനിക്കെന്തെങ്കിലും ജോലി ശരിയാക്കിത്തരട്ടെ ? 
. ദയനീയമായ ഒരു നോട്ടം മാത്രമായിരുന്നു മറുപടി. വേഗം കഴിച്ചു തീര്‍ത്തതിനു ശേഷം അനുവാദത്തിനു കാത്തു നില്ക്കാതെ അയാള്‍ പൂന്തോപ്പിലെ പണികള്‍ ചെയ്തു തുടങ്ങി. .കളകള്‍ പറിക്കുന്നതും മണ്ണിളക്കി നനയ്ക്കുന്നതുമൊക്കെ ഞങ്ങള്‍ സാകൂതം നോക്കി നിന്നു. . 
പോകാന്‍ നേരം ഇത്രമാത്രം പറഞ്ഞു.......സര്‍ വിശപ്പിനുള്ള ആഹാരം അതുമാത്രം മതി എനിക്ക്......കൂടുതലൊന്നും ചോദിക്കരുത്,ദയവായി..! . 
വിശക്കുമ്പോള്‍ ഇങ്ങോട്ടു പോന്നോളൂ ..മടിക്കണ്ട. ഞാന്‍ പറഞ്ഞു. .
വരാം സാര്‍.നല്ല ചെടികളുമായി വരാം... . 

ആ ദിവസത്തിനു ശേഷം കൃത്യമായി പ്രകാശ് വരുവാന്‍ തുടങ്ങി.പൂന്തോപ്പ് കൂടുതല്‍ കൂടുതല്‍ മനോഹരമായി വന്നു.ഞങ്ങള്‍ക്കവനോടുള്ള ആത്മബന്ധവും വളര്‍ന്നു. ശരിക്കും പ്രകാശ് ഒരു വിസ്മയമായി എനിക്കു തോന്നി. ഇംഗ്ളീഷും ഹിന്ദിയുമുള്‍പ്പെടെ . വിവിധഭാഷകളില്‍ നൈപുണ്യം.മതത്തെക്കുറിച്ചും ഇസത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമൊക്കെ പലപ്പോഴുമവന്‍ വാചാലനായി. . 


ഒരു ദിവസം പ്രകാശ് വന്നപ്പോള്‍ അവന്റെ കയ്യില്‍ പ്രത്യേകതരം റോസാച്ചെടി ഉണ്ടായിരുന്നു.അതു നട്ടു നനച്ചശേഷം അവന്‍ പറഞ്ഞു, സാര്‍ ഞാന്‍ നാടുവരെ പോകുകയാണ്.ഒരുപക്ഷേ ഇനി മടക്കമില്ല.എന്നോടു കാണിച്ച സ്നേഹത്തിന് ഒരുപാട് നന്ദി. പിന്നേയ്......ഈ റോസാച്ചെടിയില്‍ നല്ല പൂക്കളുണ്ടാകും. അതെന്റെ സ്നേഹോപഹാരങ്ങളായി നിങ്ങള്‍ സ്വീകരിക്കണം. . അവന്റെ കണ്ണകള്‍ ഈറനണിയുന്നുണ്ടായിരുന്നു. . 

എന്തു പറയണമെന്നെനിക്കറിയാതായി. ഇത്രപെട്ടെന്ന് ഒരു യാത്ര പറച്ചില്‍ പ്രതീക്ഷിച്ചില്ല. കൂടാതെ പ്രകാശ് നന്നേ വിളറിവെളുത്ത് ക്ഷീണിച്ചുപരവശനായിട്ടുമുണ്ട്. ഈ അവസ്ഥയില്‍ അവനെ പിടിച്ചുനിര്‍ത്തുന്നതും നല്ലതല്ല. . ഒരു ഫോണെടുത്ത് കൈയ്യില്‍ കൊടുത്തിട്ടു ഞാന്‍ പറഞ്ഞു....
പ്രകാശ് ഇതിരിക്കട്ടെ, എന്താവശ്യമുണ്ടെങ്കിലും . വിളിക്കണം.നിന്നെ പിരിയുന്നത് എനിക്കു സങ്കടമാണ്.യഥാര്‍ത്ഥത്തിലുള്ള നിന്റെ . പ്രശ്നം എനിക്കറിയില്ല. ഒരുപക്ഷേ, . എനിക്കു സഹായിക്കുവാന്‍ കഴിയുമായിരിക്കാം. എന്തായാലും പോയി വരൂ . .

 ഏതാനും നിമിഷങ്ങളോളം എന്റെ കണ്ണുകളില്‍ തന്നെ നോക്കി നിന്നിട്ട് അവന്‍ യാത്രയായി. .

 രണ്ടാഴ്ചയ്ക്കു ശേഷം എന്റെ ഫോണിലേക്ക് പ്രസാദിന്റെ ഒരു സന്ദേശം വന്നു. അതിന്റെ ചുരുക്കം ഇതായിരുന്നു.......
"ബാംഗ്ളൂരിലെ ഉയര്‍ന്ന ജോലിയും ശമ്പളവും അതുവഴി വന്നുപെട്ട അവസരങ്ങളുടെ ദുരുപയോഗങ്ങളും എന്റെ ജീവിതം തകര്‍ത്തു. നഗരത്തിലെ നിരവധി എയിഡ്സ് രോഗികളിലൊരാളായി ഞാനീ സെന്ററില്‍ അവരോടൊപ്പം മരണത്തെ കാത്തു കിടക്കുന്നു. മരണം വരെ ആരെയും അറിയിക്കരുതെന്നും ആര്‍ക്കും ശല്യമാകരുതെന്നും ഞാനാഗ്രഹിച്ചു.ഈ ശിക്ഷ ഞാനേറ്റുവാങ്ങുകയാണ്.മറ്റാര്‍ക്കും ഉണ്ടാകരുതേ എന്ന പ്രാത്ഥനയോടെ.. . നന്ദിപൂര്‍വ്വം, പ്രകാശ്". . 
എന്റെ നിറകണ്ണുകള്‍ പൂന്ദോപ്പിലെ ആ റോസാച്ചെടിയെ തേടി. അതില്‍ ആദ്യത്തെ മഞ്ഞപ്പുവ് വിരിഞ്ഞിരുന്നു.!! .
                                                                                    കഥാകൃത്ത് മനോജ് ഓലിക്കല്‍ ചേനപ്പാടി. .                                                                                                     . .സ്വരൂപചൈതന്യ, ബംഗളൂരു.
SHARE

About Unknown

1 comments :

  1. . .സ്വരൂപചൈതന്യ, ബംഗളൂരു..
    ഇതാരാണ്??????

    ReplyDelete