Home » » രാമുവിന്റെ വീട്

രാമുവിന്റെ വീട്

Written By Unknown on Wednesday, 31 December 2014 | 03:30


നിങ്ങള്‍ ഓലപ്പുരയില്‍ താമസിച്ചിട്ടുണ്ടോ....?എങ്കില്‍ തീര്‍ച്ചയായും ഇതു വായിക്കണം!!!!!! . രാമുവിന്റെ വീട് . . രാമുവിനെ അറിയില്ലേ.....? അവന്‍ പരവന്‍ നീലണ്ടന്റെ മകനാണ്.രാമുവിന്റെ മൂന്നാം വയസ്സില്‍ അമ്മ സരസ്സ ദീനം വന്നു ചത്തു പോയി. മഞ്ഞപിത്തമായിരുന്നെന്നാണ് നാട്ടാര് പറയുന്നത്. നീലാണ്ടന്‍ പത്തറുപത് തെങ്ങുകയറും.ഉച്ചവരെ തെങ്ങിലും ഉച്ചകഴിഞ്ഞ് ഷാപ്പിലുമാണ് കയറ്റം. ഷാപ്പില്‍ നിന്ന് നീലാണ്ടന്‍ നേരെ പിള്ളേച്ചന്റെ ചായക്കടയില്‍ പോകും. രാമുവിന് ബോണ്ട വലിയ ഇഷ്ടമാണ്. മൂ ന്നാലെണ്ണം പോതിഞ്ഞു വാങ്ങും.അതുമായി വീട്ടിലേക്കു പോകുമ്പോള്‍ നീലാണ്ടന് പാട്ടുവരും. പാട്ടു കേള്‍ക്കുമ്പോള്‍ നാട്ടാരു പറയും, ദേ നീലാണ്ടന്‍ കുടീം കഴിഞ്ഞ് പോകുന്നൂന്ന്. . കുടിക്കുമെങ്കിലും നീലാണ്ടന്‍ ആര്‍ക്കും ശല്ല്യമാകില്ല.ഇടവഴിയിലെ കമ്മ്യൂണിസ്റ്റ് കാടും പെരിഞ്ഞനോമൊക്കെ പറിച്ച് ആഘോഷത്തോടെയാണ് പോക്ക്. ആരെങ്കിലും എതിരെ വരുമ്പോള്‍ വിനയപൂര്‍വ്വം ഒതുങ്ങിനില്ക്കും. . ആഹ് നീലാണ്ടനോ ... ഷാപ്പീന്നാരിക്കും....? . ഓ.....ആന്നേ...നീലാണ്ടന്‍ മറുപടി പറയും. . വയറു നിറയെ ആക്കിയോ ?.. . അത്രയ്ക്കൊന്നുമില്ലേ....ഒരു മൂന്നാലുകുപ്പി!! നീലാണ്ടന്‍ തല ചൊറിയും. .ങ്ഹാ ഇനി അല്പം കുറയ്ക്കണം, ഒരു വീടും കുടീം ഒക്കെ വേണ്ടെ? മാത്രോമല്ല,നിന്റെ കുട്ടി വളര്‍ന്ന് വരികയല്ലേ? .അപ്പോള്‍ നീലാണ്ടന് അഭിമാനം തോന്നും. .ആന്നേ...അവനിപ്പം നാലാം ക്ളാസിലാ. പഠിക്കാന്‍ മിടുക്കനാന്ന സാറന്‍മാരു പറേന്നെ... . നല്ലോണം പഠിപ്പിക്കണം . എന്നാ ഞാനങ്ങോട്ട്....? നീലാണ്ടന്‍ യാത്ര പറയും. . പിന്നെ നീലാണ്ടന്‍ സ്വപ്നലോകത്താണ്. മകന്‍ രാമുവിനെ വല്ല്യ ഡോക്ടറാക്കണമെന്നാ നീലാണ്ടന്റെ ആഗ്രഹം.കൈക്കൂലി വാങ്ങാത്ത ഡോക്ടര്‍. രാമൂന്റെ അമ്മയ്ക്കു ദീനം വന്നപ്പോ കൈക്കൂലി കൊടുക്കാഞ്ഞിട്ടാ ചികിത്സകിട്ടാഞ്ഞേന്നാണ് നീലകണ്ടന്റെ വിചാരം.അതോര്‍ക്കുമ്പോള്‍ അയാളുടെ കണ്ണുനിറയും.പിന്നെ പാട്ടില്ല.സംസാരമില്ല.വേഗത്തില്‍ നടക്കും. സന്ധ്യയാവ്വാണു,,രാമു തനിച്ചേയുള്ളൂ ...അയാളോര്‍ക്കും. . പുഴയോട് ചേര്‍ന്നാണ് രാമുവിന്റെ വീട്. വീടെന്നുപറയാന്‍ പറ്റില്ല. ആറുകാലില്‍ താങ്ങിനില്ക്കുന്ന ഒരു ഓലക്കൂര. ഓലമേഞ്ഞിട്ടു വര്‍ഷങ്ങളായി. മഴപെയ്താല്‍ മുഴുവന്‍ ചോര്‍ന്നൊലിക്കും.മഴക്കാലമടുക്കുമ്പോള്‍ നീലാണ്ടന്‍ വിചാരിക്കും ഇത്തവണ ഓലമേയണോന്ന് . പക്ഷേ ഒന്നും നടക്കില്ല. നീലാണ്ടനുണ്ടോ മിച്ചോം മീതീം വെയ്ക്കാന്‍? . പുഴക്കരയിലെ പത്തിരുപത് ഏക്കര്‍ സ്ഥലം വല്ല്യേടത്തേതാണ്. നീലാണ്ടന്റെ അപ്പൂ പ്പന്റെ കാലം മുതല്‍ക്ക് അവിടൊരു മൂ ലയ്ക്ക് കുടി കെടക്കുന്നു. നാട്ടാരുപറയും കുടികെടപ്പവകാശമായി പത്തുസെന്റ് കിട്ടുമെന്ന്. നീലാണ്ടനു ചോദിക്കാന്‍ ഭയം. എങ്ങാനും ഇറക്കിവിട്ടാലോ..?. മനസ്സറിഞ്ഞു തരുന്നേല്‍ തരട്ടേ.നീലാണ്ടന്‍ കരുതും. . . കെട്ട്യോള് ചത്തേപ്പിന്നെയാണ് നീലാണ്ടന് കുടി കൂടിയത്. ആര്‍ക്കുവേണ്ടീട്ടാ...? തനിക്കും കൊച്ചനും കഴിഞ്ഞാപ്പോരെ..? പക്ഷേ അയാള്‍ക്ക് രാമൂനെ പെരുത്ത ഇഷ്ടമാണ്. എത്ര കുടിച്ചാലും സന്ധ്യക്കുമുമ്പേ അയാള്‍ കുടീലെത്തും.നൂറു വാര അകലേന്ന് വിളിക്കും,,,,! രാമ്വേ...എടാ..രാമ്വേ.... . ദേ വരുന്നപ്പാ ... രാമു വിളിച്ചു പറയും. നീ...യിങ്ങു വാ മോനെ....അപ്പനിന്നു വല്ലാത്ത ക്ഷീണം. അതൂണ്ട് കൊറച്ചു കള്ളു കുടിച്ചു.....! രാമൂനറിയാം അപ്പന്‍ വെറുതെ പറയുവാന്ന്. സ്ഥിരം കേള്‍ക്കുന്നതല്ലേ!! രാമൂന് ബോണ്ട കിട്ട്യാ മതി. അപ്പാ ബോണ്ടാാാ..... . ഓാാാാ ഇന്നാ...ഒരു ബോണ്ട കൊതിയന്‍ !! അയാള്‍ വാത്സല്യപൂ ര്‍വ്വം ബോണ്ട മുറിച്ചു രാമുവിന്റെ വായില്‍ കൊടുക്കും.രണ്ടു ബോണ്ട തിന്നാല്‍ അതുമതി രാമൂന്. വെപ്പും കുടീം ഒന്നുമില്ല. ആരുവെക്കാനാ...?വയറുനെറച്ച് കള്ളും കുടിച്ച് അല്പം കപ്പേം മീനും കൂ ടിത്തിന്നാല്‍ നീലാണ്ടനും കുശാലായി. . കുടീക്കയറി പാട്ടവിളക്ക് കത്തിച്ചാല്‍ നീലാണ്ടന്‍ ചോദിക്കും.... ഇസ്കൂ ളില്‍ ഇന്നെന്നാ എഴുതി മോനെ...? . മലയാളോം സയന്‍സുമൊക്കെ പഠിപ്പിച്ചു.കണക്കുസാറു വന്നില്ലാര്‍ന്നു.... . ങ്ഹാ എന്റെ മോന്‍ എല്ലാം നന്നായിട്ടു പടിക്കണം ..ട്ടോ...!!പഠിച്ചു പടിച്ചു നിനക്കൊരു ഡോക്ടറാകണ്ടെ...? നിലത്തു വിരിച്ച കീറപ്പായില്‍ നീലാണ്ടന്‍ കുത്തീരിക്കും.രാമു പഠിക്കാനുമിരിക്കും ..അതുകേട്ട് നീലാണ്ടന്‍ മിഴിച്ചിരിക്കും.... അയാള്‍ക്ക് എഴുത്തും വായനേം ഒന്നും അറിയില്ലല്ലോ!! കുറെ കഴിയുമ്പോള്‍ നീലാണ്ടന്‍ പായയില്‍ ചുരുണ്ടുകൂടും.രാമൂ ന് ഉറക്കം വരുമ്പോള്‍ വിളക്കണച്ച് അപ്പനേം കെട്ടിപ്പിടിച്ചു കിടക്കും. . പുലരുന്നതിനുമുമ്പ് നീലാണ്ടനുണരും. അടുപ്പില്‍ തീ കത്തിക്കും. കട്ടന്‍കാപ്പീം തിളപ്പിച്ച് രാമൂനെ വിളിക്കും. . നേരം വെളുത്തു.... എണീക്കു മോനെ... . രാമൂന് സങ്കടമാണ്,ആ വിളി കേള്‍ക്കുമ്പോള്‍.ആ സമയത്ത് പായയില്‍ ചുരുണ്ടു കൂടിക്കെടക്കാനാണ് രാമൂനിഷ്ടം.എന്നാലും അപ്പന്റെ വിളി സഹിക്കാതെ വരുമ്പോള്‍ എണീറ്റ് ഉമിക്കരീം കൊണ്ട് പല്ലുതേക്കും.കാപ്പി കുടിക്കും.പിന്നെ പുഴയില്‍ പോയി കുളിക്കും.നിക്കറും ഷര്‍ട്ടുമിട്ട് പള്ളിക്കൂ ടത്തില്‍ പോകാനൊരുങ്ങും.പത്തുമണിക്കാണ് പള്ളിക്കൂടം തുറക്കുന്നത്.എന്നാലും എട്ടുമണിക്കേ പോകും.നേരെ പിള്ളേച്ചന്റെ ചായക്കടയിലേക്കാണ് അപ്പനോടൊപ്പം പോകുന്നത്.പിള്ളേച്ചന്‍ ദോശേം ചമ്മന്തീം കൊടുക്കും. രണ്ടുപേരും കഴിക്കും.പിന്നെ അപ്പന്‍ പറയും... . ഞാന്‍ പണിക്കു പോകുവാ...മോന്‍ ഇസ്കൂളില്‍ പൊക്കോ..സാറന്‍മാര്‍ പറേന്നൊക്കെ കേട്ടോണേ.... അപ്പന്‍ ഓര്‍മ്മിപ്പിക്കും. രാമു തലയാട്ടും. . സഞ്ചീം തൂക്കി രാമു നടന്നു നീങ്ങുന്നത് നീലാണ്ടന്‍ നോക്കി നില്‍ക്കും. ......ന്റെ ഭകവാന്‍മാരെ രാമൂ നെ കത്തോളണെ....അയാള്‍ മനസ്സില്‍ . പ്രാര്‍ത്ഥിക്കും. . . സാറന്‍മാര്‍ക്ക് രാമൂനെ വല്യ കാര്യമാണ്. നന്നായി പഠിച്ചോളും. കൂട്ട് കൂടി വഴക്കിനും വക്കാണത്തിനും പോകില്ല. മാത്രമല്ല,അമ്മയില്ലാത്ത കുട്ടിയല്ലേ? . രാമൂന്റെ കൂട്ടുകാരാണ് സാജനും വിനോദും. രാമൂന് നാരങ്ങ മുട്ടായി അവര്‍ വാങ്ങിക്കൊടുക്കും.അവര്‍ വല്യ പണക്കാരാണെന്നാ രാമൂവിന്റെ വിചാരം.അവര്‍ക്ക് ഓടിട്ട വീടുണ്ട്. പിന്നെ ഉച്ചക്കത്തേതിന് ചോറ്റുപാത്രത്തില്‍ ചോറു കൊണ്ടുവരും.ചോറിന് കൂട്ടാന്‍ മൊട്ട പൊരിച്ചതും തേങ്ങാച്ചമ്മന്തിയും കാണും. രാമൂന് കൊതി തോന്നും. എന്നാലും ചോദിക്കില്ല.പള്ളിക്കൂ ടത്തില്‍ നിന്നുള്ള കഞ്ഞീം പയറുമാണ് അവന്റെ ആഹാരം.പാവപ്പെട്ടവര്‍ അതുകഴിച്ചാ മതീന്നാണ് രാമൂന്റെ വിചാരം. . എന്നാലും ഓടിട്ട വീട്ടില്‍ താമസിക്കണമെന്ന് അവന് ആഗ്രഹമുണ്ട്. കാറ്റും മഴേം ഉള്ളപ്പം കുടീല്‍ കെടക്കാന്‍ അവനു പേടിയാണ്. ഓടിട്ടില്ലേലും ബിജുവിന്റെ മാതിരി മുറിയും അടുക്കളേം ഒക്കെയുള്ള വീടുമതി.അവന്‍ കരുതും. . അപ്പനോടു പറയണം വീടുകെട്ടാന്‍..... . പക്ഷേ ഒരിക്കലും അക്കാര്യം അവന്‍പറഞ്ഞില്ല. . ഒരു ദിവസം രാമു ആ സന്തോഷവാര്‍ത്ത കേട്ടു.അപ്പന്‍ വീടു കെട്ടാന്‍ തീരുമാനിച്ചു. ആലയിലെ നാണിപ്പണിക്കത്തി പറഞ്ഞതാണ്.സ്കൂ ളീന്നുവിട്ടാല്‍ ആലയില്‍ പോയി കൃഷ്ണപണിക്കര്‍ ഇരുമ്പുകാച്ചുന്നതും നോക്കിയിരിക്കും.പണിക്കത്തി ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത ഓട്ടട ഉണ്ടാക്കിക്കൊടുക്കും.അതും രാമൂന് ഇഷ്ടമാണ്. . ഒരുദിവസം പണിക്കത്തി പറഞ്ഞു. . രാമുവേ...നീലാണ്ടന്‍ വീടുപണിയാന്‍ പൂവ്വാ അല്ലേ ?.... രാമൂന് ആശ്ചര്യവും സന്തോഷവും തോന്നി.അവന്‍ പണിക്കത്തിയെ മിഴിച്ചു നോക്കി. . വല്യേടത്തെ മൂപ്പീന്ന് വീടുകെട്ടാന്‍ സമ്മതീച്ചൂന്ന്...മെമ്പറും മറ്റുരണ്ടുപേരും ഇന്ന് വന്ന എല്ലാം നോക്കീം കണ്ടും പോയിട്ടുണ്ട്.പഞ്ചായത്തീന്നു ലോണ്‍ കിട്ടൂന്നാ അവരു പറഞ്ഞെ........പണിക്കത്തി വിശദീകരിച്ചു. . ഈ ലോണെന്താണെന്ന് രാമൂന് മനസ്സിലായില്ല.വീടുകെട്ടാനുള്ള സാധനമാണെന്ന് അവന്‍ കരുതി. . അന്നു വൈകിട്ട് നീലാണ്ടന്‍ വന്നപ്പോള്‍ രാമു ചോദിച്ചു..... . അപ്പാ നമ്മള് വീടുകെട്ടാന്‍ പോവ്വാ അല്ലേ....? . ആ.....മോനെ പഞ്ചായത്തീന്ന് പണം കിട്ട്യാ നടക്കും.......മഴക്കാലം വരുന്നതിനുമുമ്പ് തീര്‍ന്നാ മതിയാര്‍ന്നു.... നീലാണ്ടന്‍ നെടുവീര്‍പ്പിട്ടു. . പുതിയവീടിന്റെ സ്വപ്നങ്ങളുമായി ആ അപ്പനും മകനും ഉറങ്ങി.അധികം വൈകാതെ വീടിന്റെ പണി തുടങ്ങി. നീലാണ്ടന്റെ കള്ളുകുടി കുറഞ്ഞു.മിച്ചോം മീതീം വെയ്ക്കാന്‍ തുടങ്ങി.തെങ്ങുകയറ്റോം കഴിഞ്ഞ് നാലാളുടെ പണി ചെയ്യും. തറ കെട്ടി.ചുവരുകള്‍ ഉയര്‍ന്നു.കട്ടിള വച്ചു. സ്കൂളില്‍ നിന്നുവിട്ടാല്‍ രാമു ഓടിയെത്തും. അപ്പനെ സഹായിക്കും.വീടുപണിയുടെ ഓരോ പുരോഗതിയും അവന്‍ സസൂഷ്മം നിരീക്ഷിക്കും. അകലെ നിന്ന് ഗമയില്‍ നിന്ന് വീടിന്റെ ഭംഗി ആസ്വദിക്കും. . ഉറങ്ങാന്‍ നേരം അപ്പനോടു ചോദിക്കും.........എന്നാ അപ്പാ വീടുപണി തീരുന്നേ.....? . മഴയെത്തും മുമ്പേ തീരും മോനെ.അപ്പന്‍ പറയും. . ഓടാണോ അപ്പാ ഇടുന്നേ....? രാമൂനറിയണം. . ഓടിടണമെന്നാ അപ്പന്റെ ആഗ്രഹം.പക്ഷേങ്കില് അതിന് ഒത്തിരി പണി ചെയ്യണം.പട്ടികേം കഴുക്കോലുമൊക്കെ ഉണ്ടാക്കി മേല്‍ക്കൂ ര കെട്ടണം.പിന്നെ വേണം ഓടുമേയേണ്ടത്. . അതുപറ്റൂലെ അപ്പാ.....? . മഴക്കാലമടുത്തില്ലെ മോനെ...എല്ലാവരും പറയുന്നത് കമുകുകീറി ഓലമേഞ്ഞാ മതീന്നാ.... . ഓ........ സാരമില്ലപ്പാ.... അടുത്തവര്‍ഷം ഓടിട്ടാ മതി...രാമു സമാധാനിക്കും. . നിവൃത്തിയില്ലായ്മയില്‍ ഓല തന്നെ മേയേണ്ടിവന്നു.അങ്ങനെ വീടുപണി തീര്‍ന്നു. . നാണിപ്പണിക്കത്തിയാണ് ആവിവരം രാമുവിനോട് പറഞ്ഞത്. വീടുകെട്ട്യാ പാലു കാച്ചണമെത്രെ.അതിനു നാട്ടാരെയെല്ലാം വിളിച്ച് കാപ്പി കൊടുക്കണം.എന്നിട്ടേ കേറിത്താമസിക്കാന്‍ പറ്റുള്ളൂ . . രാമു അപ്പനോടു ചോദിച്ചു...,അപ്പാ നാണിയമ്മ പറഞ്ഞു, വീടുകെട്ടിയാല്‍ പാലു കാച്ചണമെന്ന്. നമ്മള് പാലു കാച്ചുന്നുണ്ടോ അപ്പാ...? . നീലാണ്ടനും തോന്നി അതുവേണോന്ന്. നാട്ടുനടപ്പാ......പക്ഷേ അതിന് കാശ്....? . നാണിയമ്മ പറഞ്ഞു.കാപ്പീം ബിസ്ക്കറ്റും കൊടുത്താ മതീന്ന്............. .ശരി മോനെ നിന്റിഷ്ടം പോലെ.നീലാണ്ടന്‍ സമ്മതിച്ചു. . ആരെയൊക്കെയാ അപ്പാ വിളിക്കേണ്ടത്? രാമൂ ന് ആകാംഷ. . സാജനേം വിനോദിനേം പിന്നേ ...ബിജുവിനേമൊക്കെ വിളിക്കട്ടെ?.... .ആട്ടെ മോനെ,പിന്നെ നിന്റെ സാറന്‍മാരേം വിളിച്ചോ !!! രാമൂ ന് സന്തോഷമായി. സാറന്‍മാരൊക്കെ തന്റെ വീട്ടില്‍ വരുന്നത് ഒരു അഭിമാനമല്ലേ....?സ്കൂ ളില് എല്ലാരേം വിളിക്കാരുന്നു,പക്ഷേ അപ്പന്റെ കയ്യില്‍ കാശില്ലല്ലോ....? . പിറ്റെ ദിവസം സ്കൂ ളില്‍ ചെന്നപ്പം അവന്‍ സാറന്‍മാരേം കൂ ട്ടുകാരേം പാലു കാച്ചിനു വിളിച്ചു.എല്ലാവരും വരാമെന്നുപറഞ്ഞപ്പം അവന് സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി . . വെള്ളിയാഴ്ചയാണ് പാലുകാച്ച്.നാണിപ്പണിക്കത്തി വന്ന് തൊണ്ടു കരിച്ച് ചാണകോം കൂ ട്ടി തറയെല്ലാം മെഴുകിയിട്ടു. .....രാമ്വേ നിന്റപ്പനോടു പറയണം ചട്ടീം കലോമൊക്കെ വാങ്ങണോന്ന്....പാലുകാച്ചാന്‍ പുതിയ പാത്രോം....അവര്‍ ഓര്‍മ്മിപ്പിച്ചു. . വ്യാഴാഴ്ച്ച അപ്പനും മോനും കൂ ടി ചന്തേല്‍ പോയി അത്യാവശ്യ സാധനങ്ങള്‍ വാങ്ങി.കൂ ട്ടത്തില്‍ രാമൂന് പുതിയ ഉടുപ്പും നിക്കറും.തിര്യെ ഷാപ്പിന്റെ പടിക്കലെത്തിയപ്പോള്‍ അപ്പന്‍ പറഞ്ഞു. മോന്‍ വീട്ടിലേയ്ക്കു പൊയ്ക്കോ.അപ്പന്‍ ...ദാ വരുന്നു.... . രാമൂ ന് പിണക്കം തോന്നിയില്ല.....പാവം അപ്പന്‍.എത്രദിവസമായി കള്ളു കുടിച്ചിട്ട്......ഇത്തിരി കുടിച്ചോട്ടെ. ...അവന്‍ വീട്ടിലോട്ട് നടന്നു. . നീലാണ്ടന്‍ ഷാപ്പില്‍ കയറി. ഒന്നും രണ്ടും പറഞ്ഞ് സമയം പോയി.വീട്ടില്‍ ചെന്നപ്പം സന്ധ്യയായി. . രാമ്വേ എടാ രാമ്വേേേേ...നീട്ടി വിളിച്ചു...........രാമൂനെ കണ്ടില്ല.ഇതവനെവിടെപ്പോയി.അയാള്‍ ആലയിലേക്കു നടന്നു. . പണിക്കരെ ന്റെ മോനിങ്ങു വന്നോ..? വന്നേച്ചും പോയല്ലോ. ആറ്റിപ്പോവാന്നു പറഞ്ഞാരുന്നു.പണിക്കത്തിയുടെ മറുപടി. യ്യോ....ന്റെ ദൈവമേ.....അവന്‍ പെട്ടെന്ന് കുളിച്ചേച്ചും വരേണ്ടതാര്‍ന്നല്ലോ....? . മൂ വരും കൂ ടി പുഴയിലേക്കോടി.അവിടെങ്ങും അവനെ കണ്ടില്ല. രാമ്വേ..... ന്റെ രാമ്വേേേേ.... നീലാണ്ടന്‍ കൂ കി വിളിച്ചു. യ്യോ.....ന്റെ ഭകവാനെ ചതിച്ചോ....? ആ അപ്പന്‍ നിലവിളിച്ചു. നാട്ടാരെല്ലാം കൂ ടി.ചിലര്‍ പുഴയില്‍ മുങ്ങിത്തപ്പി.നീലാണ്ടന് ബോധമറ്റപ്പോള്‍ അയാളെ കുടീലെത്തിച്ചു. . പിറ്റേന്ന് നേരം വെളുത്തപ്പോള്‍ ആരോ പറേന്നു കേട്ടു.....ചെളീത്താഴ്ന്നു പോയിരുന്നു. രാത്രി എട്ടുമണിയോടെ ശവം കിട്ടി........... രാമൂനെ ഒരു പുതിയ പായയില്‍ പുതിയ വീട്ടില്‍ കിടത്തി.അപ്പന്‍ വാങ്ങിയ ഉടുപ്പും നിക്കറും ധരിപ്പിച്ചിരുന്നു.തലയ്ക്കല്‍ ഒരു നിലവിളക്കും കത്തിച്ചു വെച്ചിരുന്നു. . നീലാണ്ടന് ഇടയ്ക്കു ബോധം വീഴും. ചങ്കുപൊട്ടുമാറ് നിലവിളിക്കും.അതുമിതും പിറുപിറുക്കും.പിന്നെ നിശ്ചലനാകും. പത്തുമണിയോടെ പള്ളിക്കൂ ടത്തില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നു.സാറന്‍മാര്‍ അവരെ വരിവരിയായി രാമൂന്റെ വീട്ടില്‍ കയറ്റി. രാമൂന്റെ ആഗ്രഹം പോലെ എല്ലാവരും വന്നു.രാമൂ നേം കണ്ടു,വീടും കണ്ടു.രാമു അതൊക്കെ കണ്ടോ ആവോ..... വീടിന്റെ തെക്കുഭാഗത്ത് അവനെ കുഴികുത്തി അടക്കം ചെയ്തു.ഉച്ചയ്ക്കുശേഷം നാട്ടാര് കണ്ടത് രാമൂ ന്റെ പുതിയവീട് കത്തിയെരിയുന്നതാണ്.എല്ലാം ചാമ്പലായപ്പോള്‍ ആ വര്‍ഷത്തെ ആദ്യ മഴ പെയ്തു....അതൊരു പേമാരിയായിരുന്നു...!!!
SHARE

About Unknown

0 comments :

Post a Comment