Home » » മഹാത്മാ ശ്രീ അയ്യങ്കാളി

മഹാത്മാ ശ്രീ അയ്യങ്കാളി

Written By Unknown on Friday, 24 June 2016 | 22:26

 




മഹാത്മാ ശ്രീ അയ്യങ്കാളി
അഗാധവും അതിദ്രുതതരവുമായ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചു ഇരുപതാം നൂറ്റാണ്ട്.ഇതിന്റെ പ്രാരംഭ ഘട്ടത്തിൽ വിദ്യുച്ഛക്തി കടന്നു വന്നപ്പോൾ സാങ്കേതിക രംഗത്തും നിത്യജീവിതത്തിലും ഉണ്ടായ പരിണാമങ്ങളെ ഉൾക്കൊണ്ട്, വിദ്യുച്ഛക്തി യുഗമെന്ന് ആദ്യം അറിയപ്പെട്ടു. പിന്നീട് ഭൗതിക ശാസ്ത്രകാരൻമാരുടെഅക്ഷീണ പ്രയത്നത്താൽ അണുശക്തി യുഗമെന്നും, ഗണിത ശാസ്ത്രകാരൻമാരാൽ കമ്പ്യൂട്ടർ യുഗമെന്നും, രസതന്ത്രജ്ഞരാൽ കൃത്രിമപദാർത്ഥ യുഗമെന്നും ,ജ്യോതിശാസ്ത്രജ്ഞൻമാരാൽ ബഹിരാകാശ യുഗമെന്നും ഇരുപതാം നൂറ്റാണ്ട് അറിയപ്പെടുന്നു.
എന്നാൽ മഹത്തായ ഈ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്ക് ഉപരി മനുഷ്യസമൂഹത്തിന്റെ മുഖ്യ ഗതിനിർണ്ണയിക്കുന്നത് സ്ഥിതിസമത്വവും സ്വാതന്ത്ര്യവുമാണ്.ഇത്തരത്തിൽ നോക്കിക്കാണുമ്പോൾ കേരളീയ ജീവിതത്തിലെങ്കിലും അനന്യവും അതിശക്തവുമായ വിപ്ലവ പരിവർത്തനമാണ് ഇരുപതാം നൂറ്റാണ്ടിന്റെ മുഖ്യ സവിശേഷത.
നൂറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരുന്ന അവഹേളനവും യാതനകളും ദുരിതക്കടൽ തീർത്ത ബഹു ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്റേയും സമത്വത്തിന്റേയും പൊൻ തിരി വെളിച്ചം പകർന്ന മാനവികതയുടെ, മഹാ ശാസ്ത്രകാരന്മാരുടെ മഹാസംഗമവും അവരുടെ സ്ഥൈര്യ ധൈര്യങ്ങൾ സൃഷ്ടിച്ച നവോത്ഥാന പ്രസ്ഥാനങ്ങളും കേരളീയ ജീവിതത്തിന് പുതിയ മുഖച്ഛായ പകർന്നു.ഇത്തരം മാനവിക മഹാ ശാസ്ത്രകാരന്മാരുടെ പട്ടികയിൽ ഗുരുദേവന് ശേഷം സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് മഹാത്മാ ശ്രീ അയ്യങ്കാളി.
അധ:സ്ഥിത വർഗ്ഗത്തിന്റെ ശാപഗ്രസ്തമായ ജീവിതത്തിന്നറുതി, വരുത്തണമെന്ന അദമ്യമായ ആഗ്രഹത്താൽ അരുവിപ്പുറത്തെത്തി, ശ്രീ നാരായണ ഗുരുദേവന്റെ അനുഗ്രഹാശിസ്സുകളോടെ സാമൂഹ്യ ജീവിതം സമാരംഭിച്ച അയ്യങ്കാളിക്ക് പിന്നീട് പുറംതിരിയേണ്ട സാഹചര്യമേ ഉണ്ടായില്ല. അനീതിക്കെതിരെ ആദ്യമൊക്കെ കൈ കരുത്തോടെ മുന്നേറിയെങ്കിലും, സംഘടന കൊണ്ട് ശക്തരാകുവിൻ എന്ന ഗുരൂപദേശത്താൽ സാധുജന പരിപാലന സംഘം എന്ന പേരിൽ ഒരു സംഘടനയ്ക്കു രൂപം നല്കി പ്രവർത്തനം ആരംഭിച്ച അയ്യങ്കാളിക്ക് ലക്ഷക്കണക്കിനു വരുന്ന അധ:സ്ഥിതരുടെ പിൻബലവും പ്രേരണയും കൂടുതൽ ശക്തി നല്കി.ആദ്യം സഞ്ചാരസ്വാതന്ത്ര്യം സമ്പാദിക്കുവാനായുള്ള പ്രയത്നമായിരുന്നു. സവർണ്ണർക്കു മാത്രം വിധിക്കപ്പെട്ടിരുന്ന വില്ലുവണ്ടിയിൽ വിലക്കപ്പെട്ട,നിരത്തുകളിലൂടെ വിലക്കുകളെ അതിലംഘിച്ച് മുന്നേറിയ അയ്യങ്കാളിയുടെ പടഹധ്വനിക്കു മുന്നിൽ ആ ആചാരക്കുരുക്കിന്റെ കെട്ടഴിഞ്ഞു വീണു.
തുടർന്ന് 1910 മുതൽ ശ്രീ മൂലം പ്രജാ സഭയിൽ മെമ്പറായിരുന്ന അദ്ദേഹം വിദ്യാലയ പ്രവേശനത്തിനുള്ള നിവേധനങ്ങളാൽ ഗവൺമെന്റിന്റെ സ്വാസ്ഥ്യം കെടുത്തി.1914-ൽ ഹരിജന കുട്ടികൾക്ക് വിദ്യാലയ പ്രവേശനത്തിനുള്ള അനുമതി ഗവൺമെന്റ് നല്കിയെങ്കിലും യാഥാസ്ഥിതികരുടെ എതിർപ്പുകൾ ശക്തമായിരുന്നു. ഹരിജന ബാലൻ മാരെശേഖരിച്ച് വിദ്യാലയ പ്രവേശനം നേരിട്ടു നടപ്പാക്കുന്നതിനുള്ള ഊർജ്ജിത ശ്രമങ്ങൾ പലയിടത്തായപ്പോൾ യാഥാസ്ഥിതികർ പോലും മുട്ടുമടക്കുകയാണുണ്ടായത്.തുടർന്ന് ആചാരമര്യാദ ക ളു ടെ പേരിൽ ഹരിജനങ്ങളെ ബന്ധിച്ചിരുന്ന ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയുകയായിരുന്നു അയ്യങ്കാളിയുടെ ലക്ഷ്യം.കല്ലുമാലകൾ ഉപേക്ഷിക്കലും, മാന്യമായ വസ്ത്രധാരണവും, മാത്രമല്ല മാനസികവും കായികവുമായ വികസനത്തിനും ഭൗതികമായ ഉയർച്ചയ്ക്കും അത്യന്താപേക്ഷിതമായ പല വ്യവസ്ഥകളും നിയമങ്ങളും സാധുജന പരിപാലന സംഘത്തിന്റെ ശക്തിയിൽഅദ്ദേഹം സമുദായങ്ങൾക്ക് പകർന്നു നല്കി.
25 വർഷം പ്രജാ സഭയിൽ അംഗമായിരുന്നും, 35 വർഷത്തോളം സംഘടനയുടെ നായകസ്ഥാനത്തിരുന്നും അയ്യങ്കാളി നയിച്ച അജൈയ്യ യാത്രയിൽ അന്നത്തെ ഒട്ടുമിക്ക സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനങ്ങളും,അതിന്റെ അമരക്കാരും തികഞ്ഞത പിൻബലമാണ് അദ്ദേഹത്തിനു നല്കിയത് .ക്ഷേത്രപ്രവേശനാനന്തരം 1937-ൽ വെങ്ങാനൂരിൽ നടന്ന മഹാസമ്മേളനത്തിൽ മഹാത്മാഗാന്ധിജി ജനസഞ്ചയത്തെ സാക്ഷി നിർത്തി അയ്യങ്കാളി എന്ന ആ മഹാനുഭാവനെ ആലിംഗനം ചെയ്ത് വാത്സല്യാതിരേകത്താൽ.. പുലയ രാജാവ്.... എന്ന് വിശേഷിപ്പിക്കുക കൂടി ചെയ്തു.. അയ്യങ്കാളിയെ ഒരു സമുദായത്തിന്റെ വക്താവ് എന്നതിലുപരി മാനവികതയുടെ ശാസ്ത്ര കാരനായിട്ടാണ് നാം ഗണിക്കേണ്ടത്. അതു കൊണ്ടു തന്നെ മാനവികതയുടെ മഹാ മന്ത്ര സ്ഫുരണങ്ങളാൽ പ്രകാശിതമാകണം അദ്ദേഹത്തിന്റെ സ്മരണകൾ..... ജൂൺ മാസം 18 ആം തീയതി അദ്ദേഹത്തിന്റെ76-ാം ചരമവാർഷികമായിരുന്നു. കൈരളിയുടെ ആ അഭിമാന പുത്രന് അഭിവാദനങ്ങൾ.
സ്വരൂപചൈതന്യ.
SHARE

About Unknown

0 comments :

Post a Comment