Home » » കളിയല്ല, കല്യാണപ്രായം

കളിയല്ല, കല്യാണപ്രായം

Written By Unknown on Thursday, 21 January 2016 | 21:48



























കളിയല്ല, കല്യാണപ്രായം
സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും പരസ്പരം സന്തോഷവും, സന്താപവും പങ്കിടുവാനും പരസ്പര സമര്‍പ്പണത്തിലൂടെ പ്രശാന്തവും, സൗഖ്യവും, സംതൃപ്തിയും നുകരുവാനുമാണ് വിവാഹജീവിതം. വിവാഹപ്രായത്തെപ്പറ്റി നമ്മുടെ ജനതയ്ക്ക് വ്യക്തവും സുദൃഢവുമായ കാഴ്ചപാടുണ്ടായിരിക്കേണ്ടതാണ്.
മതനിയമങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹപ്രായം പുനഃക്രമീകരണമെന്ന വാദമല്ല ഇക്കാര്യത്തില്‍ മുഖക്കുറിപ്പെഴുതുവാന്‍ പ്രേരണയായത്. പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം എല്ലാ സമുദായത്തിലുണ്ടെന്ന് കേരളാ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്കിയ തുറന്ന സമ്മതമാണ്. പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമല്ല ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവരും അപേക്ഷ നല്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഇത് വളരെ ഗുരുതരമായ ഒരു സാമൂഹ്യപ്രശ്നമാണ്. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശൈശവവിവാഹം നടക്കുന്നത് ഇന്ത്യയിലാണെന്നുള്ള കണ്ടെത്തല്‍ പ്രശ്നത്തിന്‍റെ വ്യാപ്തി ഇരട്ടിയ്ക്കായിരിക്കുന്നു.ഈ പ്രശ്നത്തെ ശാസ്ത്രീയമായും സമഗ്രമായും നാം സമീപിക്കേണ്ടിയിരിക്കുന്നു.
ഒന്നാമതായി പെണ്‍കുട്ടികള്‍ക്ക് പ്രകൃതി നല്‍കിയ ശൈശവവും കുട്ടിക്കാലവും നഷ്ടപ്പെടുത്തേണ്ടതായിവരുന്നു എന്നുള്ളതാണ്. കളിച്ചും ചിരിച്ചും ഉല്ലസിച്ചും വിദ്യ അഭ്യസിച്ചും ജീവിതം ആസ്വദിക്കേണ്ടകാലത്ത് ശാരീരികമാനസിക പീഢനങ്ങളിലേയ്ക്കും പ്രസവത്തിലേയ്ക്കും വിവിധ രോഗങ്ങളിലേയ്ക്കും അവരെ ഇത്തരം വിവാഹങ്ങള്‍ കൊണ്ടെത്തിക്കുന്നു. നേരത്തെ വിവാഹം കഴിക്കേണ്ടി വരുന്നതുവഴി പ്രസവവും മുലയൂട്ടലും വീട്ടുകാര്യം നോക്കലുമൊക്കെയായി വിദ്യാഭ്യാസം ഉപേക്ഷിക്കുവാന്‍ പ്രേരണവരികയും അവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളിലേയ്ക്കും ഈ ദുരിതാവസ്ഥ പകരുകയും ചെയ്യുന്നു. സ്വയം പര്യാപ്തത എന്നത് അന്യമായിരിക്കെ ഇത്തരക്കാര്‍ക്ക് ഗാര്‍ഹികപീഢനം വളരെയധികം ഏല്‍ക്കേണ്ടിവരുന്നു എന്നുമാത്രമല്ല. പലവിധ മാനസികപ്രശ്നങ്ങളും ആത്മഹത്യാപ്രവണതയും ഉണ്ടാകുന്നു. ശൈശവവിവാഹിതര്‍ക്ക് എയ്ഡ്സും മറ്റ് ലൈഗിക രോഗങ്ങളും പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. പൂര്‍ണ്ണവളര്‍ച്ചയെത്താത്ത ശാരീരികാവയവങ്ങളില്‍ മുറിവും അണുബാധയും ഉണ്ടാകുവാനും ബഹുഭാര്യാത്യം പേറുന്നവരും പ്രായമേറിയവരുമായുള്ള സുരക്ഷിതമല്ലാത്ത ബന്ധങ്ങള്‍ ഇവരിലേയ്ക്ക് രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ പ്രസവത്തോടനുബന്ധിച്ച് വിവിധ അസുഖങ്ങള്‍ ശൈശവ വിവാഹിതരെ സാമൂഹികമായി ഒറ്റപ്പെടുത്തുകയും ചെയ്യുന്നു.
സ്ത്രീകളുടെ സുരക്ഷിത പ്രസവകാലഘട്ടം 22 വയസ്സുമുതല്‍ 30 വയസ്സുവരെയാണെന്നാണ് ശാസ്ത്രനിഗമനം. കാരണം, ഇടുപ്പെല്ലുകള്‍ സാധാരണയില്‍ കവിഞ്ഞ് വികസിച്ചെങ്കില്‍ മാത്രമെ കുഞ്ഞിന്‍റെ വലിയ മസ്തിഷ്ക്കം അനായാസേന പുറത്തേയ്ക്കു വരൂ. എന്നാല്‍ മനുഷ്യന്‍ രണ്ടുകാലില്‍ നിന്നുതുടങ്ങിയതുമുതല്‍ പരിണാമപ്രക്രിയയില്‍ വന്നുഭവിച്ച പ്രതിസന്ധിയായാണ് ഇടുപ്പെല്ലുകളുടെ വികാസമില്ലായ്മ എന്നു പറയപ്പെടുന്നു. 22 വയസ്സാകുന്പോള്‍ പ്രസവത്തിനു തയ്യാറാകാന്‍ ശരീരം സന്നദ്ധമാണെന്നും ശാസ്ത്രവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ശൈശവവിവാഹിതരുടെയും മറ്റും പ്രസവാനുബന്ധമരണനിരക്ക് അഞ്ചുമടങ്ങ് കൂടുതലാണെന്നതും, കുഞ്ഞ് മരിക്കുവാനുള്ള സാധ്യത 75 അധികമാണെന്നതും ജീവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അംഗവൈകല്യത്തിനും വളര്‍ച്ചാമുരടിച്ചയ്ക്കും സാധ്യതയേറെയാണെന്നതും വിദഗ്ദര്‍ പറയുന്നു.നിയമങ്ങളോ,ശാസനകളോ അല്ല. ശരീരത്തിന്‍റെ ഘടന, മാനസികപക്വത, ദബതികളുടെ സൗഖ്യം, സാബത്തികഭദ്രത ഇവയാവണം പെണ്‍കുട്ടികളുടെ വിവാഹപ്രായം നിര്‍ണയിക്കുവാനുള്ള ഘടകങ്ങള്‍. സ്ത്രീസമൂഹത്തിനെതിരെയുള്ള ചൂഷണത്തോട് പ്രതികരിക്കേണ്ടത് മാനവികധര്‍മ്മമാണ്. ഗുരുദേവധര്‍മ്മം ശക്തിപകരട്ടെ.
SHARE

About Unknown

0 comments :

Post a Comment