ശ്രീനാരായണഗുരുദേവന്‍റെ ഒരു ജയന്തിദിനം കൂടി കടന്നുപോകുന്നു. ഗുരുവിനോട്
ഭക്ത്യാദരങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ കനവിലും നിനവിലും കരുതാത്ത
ഗുരുനിന്ദയില്‍ കളങ്കിതമായിരിക്കുകയാണ് നമ്മുടെ സാംസ്ക്കാരിക ഭാരതം.
മനുഷ്യരാശിയുടെ അഭ്യുന്നതിയിലേക്കും നിശ്രേയസ്സിലേയ്ക്കുമുള്ള
പ്രകാശവീഥികള്‍ തുറന്നിട്ട യുഗപുരുഷനായ ശ്രീനാരായണഗുരുദേവനെ
പതിത്വത്തിന്‍റെ പടുകുഴിയിലേയ്ക്കു തള്ളിയിടുവാന്‍ ഒരു കൂട്ടര്‍ നടത്തുന്ന
പരിശ്രമങ്ങളില്‍ ഒന്നു മാത്രമാണ് സി.ബി.എസ്.ഇ. സിലബസ്സിലെ എട്ടാം ക്ലാസ്
സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ കാട്ടിക്കൂട്ടിയിരിക്കുന്ന ചതിക്കുഴികള്‍.
ശ്രീനാരായണസമിതി ഇക്കാര്യത്തില്‍ നിയമയുദ്ധത്തിന് തയ്യാറായി
മുന്നേറിയിരിക്കുന്നു. പ്രഥമപടിയായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിക്ക്
പാഠപുസ്തകത്തിലെ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടി നിവേദനം നല്കിയിരുന്നു.
പ്രസ്തുത നിവേദനം കൈപ്പറ്റിയതായും പാകപ്പിഴകള്‍ തിരുത്തുന്നതായുമുള്ള
അറിയിപ്പ് കിട്ടി. എന്നാലിപ്പോള്‍ തിരുത്തലിനുശേഷം വന്നിരിക്കുന്ന പാഠഭാഗം
കൂടുതല്‍ വികൃതമായിരിക്കുകയാണ്. ‘ഒരു ജാതി, ഒരു ഗുരു, ഒരു വിഭാഗത്തിന്’
എന്നതാണ് ഗുരു പ്രചരിപ്പിച്ചത് എന്ന അതീവ ഗുരുതരമായ വീഴ്ചയാണ്
ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. മനുഷ്യരെ ജാതീയമായി മനുഷ്യരെ
താഴ്ത്തിക്കെട്ടാനുള്ള നീചശ്രമം പൂര്‍വ്വാധികം ശക്തിപ്രാപിച്ചിരിക്കുകയും
ചെയ്തിരിക്കുന്നു.
ലക്ഷക്കണക്കിനു കുട്ടികളെ ‘ഗുരുത്വ’ക്കേട് പഠിപ്പിക്കുന്ന ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍, ഗുരുവിനെപ്പറ്റിയുള്ള പരാമര്‍ശങ്ങളോ,
ജീവചരിത്രങ്ങളോ, ഗുരുദേവകൃതികളെപ്പറ്റിയുള്ള പഠനങ്ങളോ,
പാഠ്യഭാഗത്തുള്‍പ്പെടുത്തുന്നതിനു മുന്പായി ശിവഗിരിമഠം, ഗുരുകുലം
തുടങ്ങിയുള്ള ആധികാരിക സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരുടെ
പരിശോധനയ്ക്കുശേഷം മാത്രം പാഠ്യഭാഗം അംഗീകരിക്കപ്പെടണം. ഈ നിലപാട്
കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകള്‍ പാലിച്ചേ മതിയാകൂ.
കേന്ദ്രഗവണ്‍മെന്‍റിന്‍റെ ഉത്തരവാദിത്വത്തില്‍ ഗുരുവിന്‍റെ ജീവിതചരിത്രം
ഇന്ത്യയിലെ വിവിധ പ്രാദേശിക ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യുന്നതായി
മാധ്യമങ്ങളില്‍ കണ്ടു. വിവര്‍ത്തനം ചെയ്യപ്പെടുന്ന ജീവചരിത്രം മുന്‍പറഞ്ഞ
ആധികാരിക സ്ഥാപനങ്ങളിലെ വിദഗ്ദ്ധരുടെ അംഗീകാരത്തോടെ തന്നെയാവണം.
അതല്ലായെങ്കില്‍ സദുദ്ദേശപരമായ ഈ പ്രവൃത്തിയിലും ദുഷ്ടലാക്കിന്‍റെ
ഭ്രാന്തന്‍നായ ആക്രമണം സംഭവിച്ചേക്കാം.
കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ച ‘ഇന്ത്യ-ആഫ്റ്റര്‍ ഗാന്ധി’ എന്ന
പുസ്തകത്തില്‍ ചെത്തുകാരുടെ നേതാവ് എന്നാണ് ഗുരുദേവനെപ്പറ്റി
പരാമര്‍ശിച്ചിട്ടുള്ളത്. ആന്ധ്രാക്കാരനായ രാമചന്ദ്രഗുഹയുടെ പ്രസ്തുത പുസ്തകം
വിവിധ ഭാഷകളിലേയ്ക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഗുരുവിനെ അപകീര്‍ത്തികരമായി
പ്രസ്താവിക്കുന്ന ഈ പുസ്തകം നിരോധിക്കുക മാത്രമല്ല ഇത്തരം
അശ്രദ്ധകരമായ സംഭവങ്ങല്‍ ഉണ്ടാതിരിക്കുവാന്‍ ബന്ധപ്പെട്ടവര്‍
ശ്രദ്ധിക്കണമെന്നും ഞങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നു.

0 comments :
Post a Comment