Home » » ശബരിമല: സ്ത്രീകൾക്ക് പ്രവേശനം വേണം...

ശബരിമല: സ്ത്രീകൾക്ക് പ്രവേശനം വേണം...

Written By Unknown on Monday, 18 January 2016 | 21:13

ശബരിമല: സ്ത്രീകൾക്ക് പ്രവേശനം വേണം...

അച്ഛാ....എനിക്കിനി മണികണ്ഠസ്വാമിയെ കാണാൻ ശബരിമലയ്ക്കു പോകാൻ പറ്റില്ലേ അച്ഛാ....??? അമ്മ പറഞ്ഞല്ലോ,, ഇനി നാല്പത് വർഷംകഴിഞ്ഞേ മലയ്ക്കു പോകാൻ പറ്റത്തുള്ളൂന്ന്.... അതെന്താ അച്ഛാ.....?????
പെൺമക്കളുള്ള പല അച്ഛൻമാരും ഈ ചോദ്യത്തെ അഭിമുഖീകരിച്ചിട്ടുണ്ടാവും.... ഇല്ലേ....?
സുപ്രീം കോടതിയുടെ പരാമർശനങ്ങളിലൂടെ അയ്യപ്പഭക്തരായ നമ്മുടെ ഈ കുഞ്ഞു പെൺകുട്ടികളുടെ ചോദ്യത്തിന് കാലികമായ ഒരു പ്രസക്തി വന്നിട്ടുണ്ട്.
യാതൊരു മുൻ വിധിയും ഇല്ലാതെ, യാതൊരു വിധ പ്രേരണകൾക്കും വശംവദനാകാതെ,, ഭക്തിയിലും, വിശ്വാസത്തിലും, ആചാരത്തിലും, യുക്തിചിന്ത പുലർത്തുന്ന ഒരു അയ്യപ്പഭക്തനെന്ന നിലയിൽ, ഒരു അയ്യപ്പപൂജകനെന്ന നിലയിൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്കു വിമർശിക്കാം,,,, വിയോജനക്കുറിപ്പ് എഴുതാം..പക്ഷേ.. എല്ലാം ഉദ്ദേശ്യശുദ്ധിയോടെ മാത്രമാകണം.
വിഷയസംബന്ധമായി മൂന്ന് ചോദ്യങ്ങൾ ചോദിക്കട്ടെ.
ചോദ്യം 1.... അയ്യപ്പ ദേവനെ ഇഷ്ടദേവനായി സ്ത്രീ ജനങ്ങൾ സ്വീകരിക്കുന്നില്ല, എന്തുകൊണ്ട്??? അഥവാ ശ്രീകൃഷ്ണ ഭക്തർ, ദേവീ ഭക്തർ ഈ നിലയിൽ നോക്കുമ്പോൾ എന്തുകൊണ്ടാണ് അയ്യപ്പഭക്തരായ വനിതകളുടെ എണ്ണം തുലോം പരിമിതമായിരിക്കുന്നത്?????
മന:ശാസ്ത്രപരമായി ഈ ചോദ്യത്തെ സമീപിക്കുമ്പോൾ മുമ്പു പറഞ്ഞ പത്തു വയസ്സുകാരി പെൺകുട്ടിയുടെ ചോദ്യവും അതിലെ ആശയും ആശങ്കയും കൂടി നാം പരിഗണിക്കേണ്ടതുണ്ട്.കാരണം പെൺകുട്ടികൾക്ക് പത്തു വയസ്സു കഴിഞ്ഞാൽ അപ്രാപ്യനായൊരു ദേവനാണ്,,, അയ്യപ്പസ്വാമി എന്ന മാനസിക ചിന്തയിലാണ് നമ്മുടെ ഭക്ത
സമൂഹം.
അവളുടെ ചിന്ത ഇങ്ങനെ തുടരുന്നു....
അയ്യപ്പസ്വാമി ദർശനത്തിനായി ഞാൻ നാല്പത്തൊന്നു വർഷം കാത്തിരിക്കണം,.ഇത്രയും വർഷം കാത്തിരിപ്പിനൊടുവിൽ എനിക്കാ സൗഭാഗ്യം സിദ്ധിക്കാതെ പോയാലൊ?.... ഇത്രയും വർഷം എന്റെ ഭക്തിയും വിശ്വാസവും ഞാനെങ്ങനെയാണ് അയ്യപ്പസ്വാമിയിൽ മാത്രമായി കാത്തു സൂക്ഷിക്കുന്നത്.സ്ത്രീജനങ്ങൾക്ക് ഇഷ്ടദേവതയായ കൃഷ്ണനുണ്ടല്ലോ -?... അല്ലെങ്കിൽ ദേവി ഉണ്ടല്ലോ...? അതുമല്ലങ്കിൽ മറ്റെ ത്രയോ ഇഷ്ടദേവതകളുണ്ട്.അയ്യപ്പസ്വാമി കലിയുഗവരദനാണ്, താരക ബ്രഹ്മസ്വരൂപമാണ്. രക്ഷിക്കാനും ശിക്ഷിക്കാനും കഴിവുള്ളദേവതയാണ്.അങ്ങനെ ഉള്ള ദേവനെ എന്റെ മനസ്സിന്റെ ശ്രീകോവിലിൽ വയ്ക്കാനല്ലാതെ അവിടുത്തെ ശ്രീകോവിൽ എനിക്ക് അന്യമാണല്ലോ???അലഭ്യമായതിനെ ആഗ്രഹിച്ചിട്ട് എന്തു കാര്യം............
പൊതുവേ ഈ വികാരമല്ലേ സ്ത്രീ മനസ്സുകളെ ഭരിക്കുന്നത്. ഇതാണ് സത്യം,,.കൂടാതെ ആചാരലംഘനം ആലോചിക്കുക പോലും ചെയ്യാത്ത ഭാരത സ്ത്രീയുടെ ഭാവശുദ്ധിയും,..
..ഇക്കാരണങ്ങളാൽ അയ്യപ്പസ്വാമിയിൽ ഭക്തിയും നിഷ്ഠയും ഉറപ്പിക്കാൻ സ്ത്രീജനങ്ങൾക്ക് ആവുന്നില്ലായെന്നത് ഒരു സാമൂഹ്യ യാഥാർത്ഥ്യം അല്ലേ.--
ചോദ്യം 2...
സ്ത്രീകൾ രജസ്വല ആകുന്നത് തെറ്റാണോ??അഥവാആർത്തവം ദൈവദൃഷ്ടിയിൽ പാപമാണോ?സ്ത്രീകൾ രജസ്വല ആകുന്ന പ്രക്രിയയെ വളരെ ഉദാത്തമായിട്ടല്ലേ നമ്മുടെ ധർമ്മശാസ്ത്രങ്ങൾ നിർവ്വചിപ്പിട്ടുള്ളത് -ഏറ്റവും സുരക്ഷയും ശുചിത്വവും വിശ്രമവും അനിവാര്യമാകയാൽ ആചാരത്തിന്റെ ബാഹുബലത്താൽ അവളെ കൂടുതൽ പരിരക്ഷിക്കാനല്ലേ നമ്മുടെ സംസ്കൃതി നമ്മെ ശീലിപ്പിച്ചത്. പക്ഷേ ശബരിമലയുടെ കാര്യത്തിൽ ഈ
കാരണം പറഞ്ഞ് സ്ത്രീയുടെ മാന്യതയെ നാം ചോദ്യം ചെയ്യുകയാണോ?
" സ്ത്രീയ പവിത്രമതുലം നൈതാ ദുഷ്യന്തിക ർ ഹി ചിത് മാസിമാസി രജോ യാസാം ദുഷ്കൃതാന്യ പകർഷതി "...... ഓരോ മാസവും രജസ്വലകളാകന്നതു കൊണ്ട് എല്ലാ ദുഷ്കൃതങ്ങളേയും നീക്കി പവിത്രകളായി മാറുന്ന അവർഒരിക്കലും ദോഷയുക്തകളാകുന്നില്ല - ഇത് സ്മൃതിവാക്യം.
ഇനി അല്പം യുക്തിചിന്ത....
നിരവധി പരാഗങ്ങൾ ഉൾക്കൊള്ളുന്നതല്ലേ ഒരു പുഷ്പം. സന്താനോല്പത്തി അല്ലേ അതിന്റെ ധർമ്മം. മനോഹാരിതയും സുഗന്ധവും ഈ കാര്യനിർവ്വഹണത്തിനു വേണ്ടിയല്ലേ പുഷ്പത്തിന് ഈശ്വരൻ നല്കിയത്.പുഷ്പം
അതിന്റെ കർത്തവ്യം നിർവ്വഹിച്ച് സ്വയം നശിക്കുന്നു. ചെടി വീണ്ടും പുഷ്പിക്കുന്നു.
യഥാർത്ഥത്തിൽ മനുഷ്യ ശരീരത്തിൽ സമാനമായി നടക്കുന്ന ഒരു പ്രോസസ്സിന്റെ അന്തിമഘട്ടമല്ലേആർത്തവം. അതെങ്ങനെ ദൈവ വിരുദ്ധവും പാപപങ്കിലവും ആകും????അങ്ങനെ എങ്കിൽ നാം -പൂജയ്ക്ക് എടുക്കുന്ന പുഷപവും പാപദൃഷ്ടവും അസ്പൃശ്യവുമാകില്ലേ?
സ്ത്രീ ശരീരത്തിൽ അണ്ഡവും ബീജവും തമ്മിൽ സങ്കലനം നടന്നു കഴിഞ്ഞാൽ ആർത്തവം എന്ന പ്രക്രിയ നടക്കുന്നില്ലല്ലോ? മറിച്ചൊന്നു ചിന്തിച്ചാലോ..... എല്ലാ പുഷ്പങ്ങളും ഫലമായി മാറുന്നുണ്ടോ?
ഇനി മറ്റൊരു ആത്മ ചിന്ത...
ശബരിമലയിൽ പൂജിക്കപ്പെടുന്ന ധർമ്മശാസ്താവിന് രണ്ട് പത്നിമാരുണ്ടെത്രെ. പൂർണ്ണ, പുഷ്ക്കല. ഇവിടെ പൂർണ്ണ എന്ന പദത്തിന്നും പുഷ്ക്കല എന്ന പദത്തിനും മലയാള അർത്ഥം പറയേണ്ടത് രജസ്വലയായവൾ എന്നാണ്. അഥവാ പൂർണ്ണയും പുഷ്ക്കലയും ശബരിമലയിൽ ശാസ്താവിനൊപ്പം പൂജിക്കപ്പെടുന്നു.എല്ലാ അയ്യപ്പക്ഷേത്രങ്ങളിലും ധർമ്മശാസ്താനു സംബന്ധിയായായാണ് പൂജാവിധാനം. അയ്യപ്പാ നായി പ്രത്യേക പൂജാവിധി നാളിതുവരെ വന്നിട്ടില്ലാ എന്നാണെന്റെ ധാരണ.അയ്യപ്പൻ പുലിവാഹനനാണല്ലോ. പക്ഷേ എന്തുകൊണ്ടാണ്, അയ്യപ്പക്ഷേത്രങ്ങളിൽ കൊടിമരത്തിലെ വാഹനം കുതിര ആയത്, ശബരിമലയിൽ ഉൾപ്പെടെ.? ശാസ്താവിന്റെ വാഹനമാണ്
.കുതിര. ശാസ്താവിൽ വിലയം പ്രാപിച്ച അയ്യപ്പൻ ശാസ്തൃ സംബന്ധിയായി സ പരിവാരം ശബരിമലഉൾപ്പെടെ എല്ലായിടത്തും പൂജിക്കപ്പെടുന്നു.. അതു കൊണ്ടു തന്നെ ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുവാനുള്ള കാരണം രജസ്വലയാകുന്നുവെന്നതാണെന്നപ്രചരണം വിവേകരഹിതവും അടിസ്ഥാന രഹിതവും ആകുന്നു. ശബരിമല ശ്രീ ധർമ്മശാസ്താവ് സ്ത്രീ നിഷേധിയല്ല.. പകരം സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും, അവകാശത്തെയും പുന:സ്ഥാപിക്കലാണ് ഈ അവതാര ഉദ്ദേശ്യം..
ഭർത്താവിനാൽ അവഗണിക്കപ്പെടുന്നു, എന്ന തോന്നലിനാൽ.. എന്നെ സമാധാനിപ്പിക്കൂ.. എന്നെ സംതൃപ്തയാക്കൂ എന്ന് ഗതികേടുകൊണ്ട് കേണപേക്ഷിക്കപ്പെടുന്ന ഒരു ലീലയുടെ പുനരവതാരമാണ് മഹിഷി.ഭർത്താവായ ദത്തന്റെ ശാപഫലമാണ് മഹിഷി.
അങ്ങനെ ചിന്തിക്കുമ്പോൾ ഒരു ഭാര്യ എന്ന നിലയിൽ, ഭർത്താവിനാൽ, അവഗണിക്കപ്പെട്ട്, അതേ ഭർത്താവിന്റെ ശാപത്താൽ ഒരു എരുമയായി പുനർജീവിക്കേണ്ടി വന്ന ലീലയുടെ ശാപമോക്ഷം നല്കിയ, ലീലയ്ക്ക് സ്ത്രീത്വം തിരിച്ചു നല്കിയ സ്വാതന്ത്ര്യം നല്കിയ ദേവനല്ലേ അയ്യപ്പൻ?.അതേ അയ്യപ്പൻ ലോകമാതാവായി, ജാംദംബികയായി, തനിക്കു സമീപം തന്നെ ആരൂഢം നല്കി ആ സ്ത്രീ യെ അനുഗ്രഹിച്ചതുംനാം മറന്നു കൂടാ. അങ്ങനെ ഉള്ളപ്പോൾ സാധാരണ മനുഷ്യ സ്ത്രീയാൽ അയ്യപ്പന് വ്രതഭംഗം സംഭവിക്കുമെന്ന് തെറ്റിദ്ധരിച്ച് നമ്മുടെ ഭക്തരായ സ്ത്രീകളെ ശബരിമലയിൽ നിന്ന് ഒഴിച്ചു നിർത്തുക എന്നത് യഥാർത്ഥത്തിൽ അയ്യപ്പനോടുള്ള നമ്മുടെ വിശ്വാസക്കുറവല്ലേ പ്രകടമാക്കുന്നത്. ശബരിമലയുടെ തത്വം സമത്വമാണ്. അവിടെ ആൺ പെൺ ഭേദമില്ല.. ഇതല്ലേ സത്യം
ചോദ്യം 3....
ശബരിമലയിൽ സ്ത്രീകൾക്ക്പ്രവേശനം വേണോ?
ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്നു തന്നെയാണ് എന്റെ ദൃഢമായ വിശ്വാസം.
1969 വരെ ശബരിമലയിൽ സ്ത്രീകൾക്ക് വിലക്ക് ഇല്ലായിരുന്നു. ശബരിമലയിൽ എന്നല്ല ഒരു ആരാധാനാലയത്തിലും ലിംഗനിർണ്ണയത്താൽ നമ്മുടെ സംസ്കാരം ആരാധന സ്വാതന്ത്ര്യം നിഷേധിച്ചിരുന്നില്ല. നമ്മുടെ സംസ്ക്കാരം സിന്ധു നദീതs സംസ്കാരമാണെന്നോർക്കണം. എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നുവോ അവിടെയാണ് വിജയം...... അർത്ഥനാരീശ്വര സങ്കല്പം, മൃതദേവോ ഭവഃ എന്നീ ആരാധനാ സംസ്കൃതികൾ ഒക്കെയും ( സ്ത്രീകൾക്കും മാന്യതയും മഹത്വവും നല്ക്കുമ്പോൾ ശബരിമലയുടെ സന്ദേശം മറ്റൊന്നല്ല.,,,,, ജാതി-മത ദേശ ഭാഷ, വർഗ്ഗ,വർണ്ണലിംഗഭേദമില്ലാത്ത മാനവ സമത്വ സംസ്കൃതി അതാണ് ശബരിമല......
1970 മുതൽ സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത് തികച്ചും ശരിയാണ്. തദനുബന്ധമായ കോടതി വിധിയും ദേവസ്വം ബോർഡിന് എതിരേ വന്ന ശിക്ഷാവിധിയുമൊക്കെ, കാലാന്തരത്തിൽ സ്ത്രീ ജനങ്ങളെ പടിപടിയായി ശബരിമല ദർശനത്തിൽ നിന്ന് ഒഴിവാക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുക ആയിരുന്നു.
ക്ലേശകരമായ ശബരിമല യാത്ര, ദുഷ്ടമൃഗങ്ങളൂടെ ആക്രമണ ഭീതി ഇതൊക്കെ ആദ്യകാലങ്ങളിൽ സ്ത്രീ ജനങ്ങൾക്ക് ശബരിമല തീർത്ഥാടനംപ്രതിസന്ധി സൃഷ്ടിച്ചിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്.
ശബരിമലതീർത്ഥാടകരുടെ എണ്ണം കഴിഞ്ഞ 30 വർഷമായി ഉയർന്നുയർന്ന് ശബരിമലയ്ക്ക് ഉൾക്കൊള്ളാൻ പറ്റാത്ത ജനസഞ്ചയം അവിടെ വന്നു തിങ്ങുന്നു.വെള്ളമോ, വെളിച്ചമോ ലഭിക്കാതെ,, പ്രാഥമിക സൗകര്യങ്ങൾക്കു വരെ വളരെ ക്ലേശം സഹിച്ച് മണിക്കൂറുകളോളം ക്യൂ നിലക്കേണ്ട അവസ്ഥയാണിന്നുള്ളത്. തിക്കിലും തിരക്കിലും നാം, അല്ലെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾ അനുഭവിക്കുന്നയാതനകൾ കാണുമ്പോൾ ഇനി ഇങ്ങനെ ഒരു തീർത്ഥാടനം വേണ്ടായെന്നു പോലും തത്സമയം ചിന്തിച്ചുപോകും.
ഈ സ്ഥിതിയിൽ യുവതികളടങ്ങിയ സ്ത്രീ ജനങ്ങൾ കൂടി ആയാലോ?...
സങ്കല്പിക്കാൻ പറ്റാത്ത ദുരന്തങ്ങൾ ആയിരിരിക്കും ഫലം.
ശബരിമലയുടെ ശാന്തതയും, പവിത്രതയും, നഷ്ടപ്പെടുന്ന, സാമൂഹിക അതിക്രമങ്ങളും, ലൈംഗിക പീഢനങ്ങളും, മോഷണകുറ്റങ്ങളും പെരുകുന്ന സ്ഥിതി അവിടെ സംജാതമാകാം.. ശബരിമല തീർത്ഥാടനത്തിൽ നിന്നു കിട്ടുന്ന ക്ലേശ സമ്പുഷ്ടമായ ഒരു നിർവൃതി ഉണ്ടല്ലോ, അത് എന്നന്നേയ്ക്കുമായി ഇല്ലാതെ വന്നേക്കാം,,
'. ഇന്നത്തെ അവസ്ഥ ഈ പ്രതികൂല സ്ഥിതി ഉണ്ടാക്കുന്നുവെങ്കിലും തികഞ്ഞ, നിഷ്കളങ്കയായ ഒരു അയ്യപ്പഭക്തയ്ക്ക് അവൾ പെൺകുട്ടിയാവട്ടെ, യുവതി ആകട്ടെ, പ്രൗഡാംഗന ആകട്ടെ, അവളുടെ ശബരിമല തീർത്ഥാടനം.. അക്ഷന്തവ്യമായ തെറ്റാണെന്നും, അതു പാടില്ലായെന്നും യുക്തി, ഭക് ദ്രതയോടെ, മനസ്സാക്ഷിക്കുത്തില്ലാതെ പറയാനാവുമോ ഇല്ല..... കാരണം ഭക്തി എന്നത് ആത്മാവിന്റെ നിരന്തരമായ അനുസന്ധാനം ആണ്. ഭക്തന്,അല്ലെങ്കിൽ ഭക്തയ്ക്കും ആ ദേവതയെ നിരന്തരമായ അനുസന്ധാനം ചെയ്യവാനുള്ള അവകാശം നല്കിയേ തീരൂ.
അനിവാര്യമായത് പ്രായോഗിക സമീപനം
ഒരു അയ്യപ്പഭക്ത ഏതു പ്രായത്തിലുമാകട്ടെ, ശബരിമല ക്ഷേത്ര ദർശനം ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള അവകാശം നല്കിയേ തീരൂ.41 ദിവസത്തെ വ്രതാനുഷ്ഠാനം തുടർച്ചയായി നിർവ്വഹിക്കുവാൻ അവർക്കു സാധിക്കില്ല എന്ന കാരണം നിരത്തുമ്പോൾ ഒരു ആത്മപരിശോധനയ്ക്ക് പുരുഷൻമാരായ നമ്മളും തയ്യാറാകേണ്ടതുണ്ട്. 41 ദിവസം വ്രതം കൊണ്ട് നമ്മളിൽ എത്ര പേരാണ് ശബരിമല ദർശനം സാധ്യമാക്കുന്നത്.??????
ശബരിമല ക്ഷേത്ര ദർശനത്തിന്റെ കാലങ്ങളും സമയവും പരിഷ്ക്കരിക്കാൻ തന്ത്രികൾക്കും ദേവസ്വം ബോർഡിനും അധികാരമുണ്ടല്ലോ. അങ്ങനെ ചെയ്യുന്നുമുണ്ട്.അങ്ങനെ എങ്കിൽ വർഷത്തിൽ രണ്ടോ മൂന്നോ തവണ (സ്ലികൾക്കായി ശബരിമല ക്ഷേത്രം തുറന്നു കൊടുത്തു കൂടേ..
പതിനഞ്ചംഗ തീർത്ഥാടക സംഘത്തിൽ ഒരു ഗുരുസ്വാമിയായി, രക്ഷിതാവായി, സംരക്ഷകനായി ഒരു അയ്യപ്പഭക്തനെ നിയോഗിച്ചാൽ മതിയാകുല്ലോ.അപ്പോൾ പിന്നെ സ്ത്രീകൾക്കും സുരക്ഷിതമായും ഭക്തി സാന്ദ്രമായും മറ്റു ക്രമസമാധാന പ്രശ്നങ്ങളില്ലാതെയും ദർശന സൗഭാഗ്യം സിദ്ധിക്കുമല്ലോ.....
പ്രശ്നങ്ങളെ, ഭയക്കുകയല്ല, അതിജീവിക്കുകയാണ് വേണ്ടത്. ശബരിമലയിൽ സ്ത്രീ ജനങ്ങൾക്കു് ഇത്തരമൊരു സൗഭാഗ്യം വരുന്നതിൽ മറ്റാരെക്കാളും മാമല നാഥൻ തന്നെ സന്തോഷിക്കും തീർച്ച.
SHARE

About Unknown

0 comments :

Post a Comment