ആധുനിക കേരളത്തിന്‍റേയും നവഭാരതത്തിന്‍റേയും നവോത്ഥാനചരിത്രം
സമുദ്ഘാടനം ചെയ്യപ്പെട്ട, 'മഹത്തായ വിപ്ലവം' എന്നു
വിശേഷിപ്പിക്കപ്പെടുന്ന അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠയ്ക്ക് ഈ വര്‍ഷം 126
വയസ്സു പിന്നിടുകയാണ്. വിശ്വപ്രസിദ്ധി ആര്‍ജ്ജിച്ച അരുവിപ്പുറം
ക്ഷേത്രപ്രതിഷ്ഠയും സന്ദേശവും, വിഭിന്നവും പ്രശസ്തവുമായ
കാഴ്ചപ്പാടുകളിലൂടെ നോക്കിക്കണ്ടും വിലയിരുത്തിയും ഗൗരവമായ പഠനത്തിന്
വിധേയമായിട്ടുണ്ട്.
എന്നിട്ടും നിശബ്ദവിപ്ലവമായും ആത്മീയ വിപ്ലവമായും സാമൂഹിക
വിപ്ലവമായും ഒക്കെ ചിത്രീകരിക്കപ്പെടുന്ന ഈ മഹാസംഭവത്തിന്‍റെ
മഹിമാവിലേയ്ക്ക് പ്രവേശിക്കുവാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ലയെന്നത് ഒരു
വാസ്തവമായി അവശേഷിക്കുന്നു.
മനുഷ്യന്‍റെ സന്പൂര്‍ണ്ണവിമോചനം ലക്ഷ്യമിട്ടു പ്രയത്നിച്ച, ഇരുപതാം
നൂറ്റാണ്ടുകണ്ട എറ്റവും വലിയ മനുഷ്യസ്നേഹിയായ, സത്യദര്‍ശിയായ,
ശ്രീനാരായണഗുരുദേവന്‍റെ തൃക്കരങ്ങളാലാണ് അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠ
നിര്‍വ്വഹിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ ഈ സന്ദേശത്തിന്‍റെ
സമഗ്രതയിലേയ്ക്ക് കണ്ണോടിക്കണമെങ്കില്‍ സാമൂഹ്യ-മനഃശാസ്ത്ര-ചരിത്ര
സങ്കേതപരമായ വീക്ഷണകോണില്‍ നാം നിന്നേ മതിയാവൂ. ഹൈന്ദവ
ക്ഷേത്രങ്ങളില്‍ മേല്‍ജാതിക്കാര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ.
അതിനാല്‍ അവര്‍ണ്ണവിഭാഗത്തിനും ആരാധനാസ്വാതന്ത്ര്യം സംജാതമാക്കുകയെന്ന
സാമൂഹ്യപരിഷ്ക്കരണത്തിന്‍റെ ഭാഗമായാണ് അരുവിപ്പുറം ക്ഷേത്രം
ഗുരുപ്രതിഷ്ഠിച്ചതെന്ന ധാരണയാണ് പൊതുവെ പ്രചരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ നിലവിലുള്ള ആചാരങ്ങളിലല്ല, വിശ്വാസങ്ങളിലാണ് ഈ
പ്രതിഷ്ഠാനിര്‍വ്വഹണത്തിന്‍റെ അഗ്നിസ്ഫുലിംഗങ്ങള്‍ ആഞ്ഞുപതിച്ചത്.
സാമൂഹ്യഘടനയുടെ അടിസ്ഥാനം വിശ്വാസപ്രമാണങ്ങളാണല്ലോ. ഇത്തരം
വിശ്വാസപ്രമാണങ്ങളില്‍ വിള്ളല്‍ സൃഷ്ടിക്കുന്ന വിപ്ലവങ്ങള്‍ക്കേ, സാമൂഹിക
വിപ്ലവങ്ങള്‍ക്കു സാധ്യത നല്കാനാവൂ. ഈ സാമൂഹിക മനഃശാസ്ത്രമാണ്
അരുവിപ്പുറം പ്രതിഷ്ഠയിലെ പ്രധാന തന്തു. ഗുരുവിന്‍റെ അപാരമായ
ഉള്‍ക്കാഴ്ചയില്‍ നിലവിലെ സാഹചര്യങ്ങളില്‍ ചെയ്യാവുന്ന ഏറ്റവും
ഫലപ്രദമായതുതന്നെ അദ്ദേഹം പ്രയോഗിച്ചു. കേരളത്തിന്‍റെ സാംസ്കാരിക
മേഖലയില്‍ മാത്രമല്ല, ഭാരത ഭരണഘടനയുടെ ശില്പിയായ ഡോ. അംബേദ്ക്കര്‍
സെക്കുലര്‍ സ്റ്റേറ്റ് എന്ന് ഭാരതത്തിന്‍റെ മതസമീപനത്തെ വിവക്ഷിച്ചപ്പോള്‍
അദ്ദേഹത്തിന്‍റെ ബുദ്ധിയുടെ പ്രഭവസ്ഥാനമായി അരുവിപ്പുറം
പ്രതിഷ്ഠജ്വലിച്ചു നിന്നതായും ഗാന്ധിജിയുടെ ഹരിജനോദ്ധാരണ
പ്രവര്‍ത്തനങ്ങളുടെ ശക്തി സ്രോതസ്സായും അരുവിപ്പുറം പ്രിതിഷ്ഠയും
അതിന്‍റെ സന്ദേശവും പ്രചോദനമായി എന്ന് ബ്രഹ്മശ്രീ ശാശ്വതീകാനന്ദ
സ്വാമിയെപ്പോലുള്ള ചിന്താധനന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ലോകോത്തരമായ ഭാരതദര്‍ശനത്തിന് കാലത്തിന്‍റെ കളിത്തട്ടില്‍ കൈമോശം
വന്നുപോയ മനുഷ്യസാഹോദര്യത്തിനും സമത്വചിന്തയ്ക്കും ആത്മാവു
തിരിച്ചുനല്കി, മറ്റു ദര്‍നങ്ങളേയും മതതത്വങ്ങളേയും സമന്വയിപ്പിച്ച്,
ലോകനന്മയ്ക്കുവേണ്ടി സംസ്ഥാപിക്കുകയെന്ന യുഗദൗത്യമാണ്
ശ്രീനാരായണഗുരു 1888-ല്‍ അരുവിപ്പുറത്തു നിര്‍വ്വഹിക്കുകയുണ്ടായത്.
ഈ യുഗദൗത്യത്തിന്‍റ് പ്രസരിപ്പും പ്രകാശവും നിലനില്‍ക്കുകയാണിവിടെ. ഈ
നിലനില്‍പ്പുമാത്രമാണ് ലോകസമാധാനത്തിന്‍റെ ആശ്രയസ്ഥാനവും.

0 comments :
Post a Comment