Home » » ശ്രേഷ്ഠം മലയാളം

ശ്രേഷ്ഠം മലയാളം

Written By Unknown on Thursday, 21 January 2016 | 21:53



















ശ്രേഷ്ഠം മലയാളം

ശ്രേഷ്ഠഭാഷാ പദവിയിലേയ്ക്ക് മലയാളവും പടികയറി നില്ക്കെ ലോകമലയാളികള്‍ അഭിമാനത്തിലകത്താല്‍ സഹൃനോളം ഉയര്‍ന്നു നില്ക്കുന്നു. ഈ അവസരത്തില്‍ സന്ദേശം മാസികയുടെ സന്തോഷത്തെ വായനക്കാര്‍ക്കു മുന്പില്‍ അറിയിച്ചുകൊള്ളുന്നു.
ഭാഷ ഒരു വികാരമാണ്. ആശയവിനിമയത്തിന്‍റെ ആത്മാവുമാണ്. ഭാഷ മാതാവിനെപ്പോല്‍ മഹത്വവുമാണ്. മാതൃഭാഷ ഓരോരുത്തരുടെയും തീവ്രവികാരത്തിന് നിദാനമാകുന്പോള്‍ അത് ഗുണദോഷ സമ്മിശ്രമാകുന്നുവെന്നും നാം മനസ്സിലാക്കണം. സ്നേഹം കൊണ്ടും, വികാരം കൊണ്ടും, അഭിമാനം കൊണ്ടും, അവിവേകം കൊണ്ടും മാതൃഭാഷയോടുള്ള അമിതാവേശം ഇതാ ഭാഷകളോടുള്ള അകല്‍ച്ചയ്ക്ക് കാരണമായിത്തീരുന്പോള്‍ ഭാഷാവികാരം മതമത്സര്യത്തേക്കാള്‍ അപകടകാരിയായിത്തീരുന്നു. ഭാഷ ഒരു വികാരമാവാതെ വിവേകമാകുവാനാണ് ശ്രദ്ധിക്കേണ്ടത്. അതിന് ഗുരുദേവന്‍ മതങ്ങളെ സംബന്ധിച്ച് പറഞ്ഞതുപോലെ എല്ലാ ഭാഷകളും സമഭാവനയോടെയും സമബുദ്ധിയോടെയും നാം സമീപിക്കേണ്ടതുണ്ട്. ഭാഷ പക്ഷം തിരിയാതിരിക്കട്ടെ.
ദ്രാവിഡഭാഷകളില്‍ മറ്റിതര മൂന്നു ഭാഷയ്ക്കും പ്രസ്തുത പദവി മുന്‍പേ തന്നെ അംഗീകരിക്കപ്പെട്ടിരിക്കുനന സ്ഥിതിയ്ക്ക് മലയാളത്തിന്‍റെ മഹിമയെ മാറ്റി നിര്‍ത്തുവാനാവതല്ലല്ലോ. മഹിതമായ നമ്മുടെ സാഹിത്യപാരന്പര്യത്തിലേ മഹാത്മാക്കളെ മനസ്സാനമിക്കുവാനും, ശ്രേഷ്ഠഭാഷാ പദവിക്കുവേണ്ടി ശ്രമിച്ച കരകമലങ്ങള്‍ക്ക് അഭിമമ്ദനം നേരുവാനും ഞങ്ങള്‍ക്കു സന്തോഷമുണ്ട്.
നാം കൂടുതല്‍ ഉത്തരവാദിത്വങ്ങളിലേയ്ക്കു കടന്നിരിക്കുന്നു. പുറംപൂച്ചുകളായ ആഘോഷങ്ങള്‍ക്ക് പകരം ഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും നൂതന ആശയങ്ങളും കര്‍മ്മപദ്ധതികളും ആവിഷ്ക്കരിച്ച് ശ്രേഷ്ഠതയെ അനശ്വരമാക്കുവാന്‍ നാം ശ്രമിച്ചേ മതിയാകൂ. കേന്ദ്രീയ വിദ്യാലയങ്ങള്‍ അയിത്തം കല്പിച്ചുവരുന്ന മലയാളത്തിന് മാതൃത കൈവരുവാന്‍, കോടതി ഉള്‍പ്പെടെയുള്ള പൊതുജനസ്ഥാപനങ്ങളില്‍ മലയാളം സംസാരഭാഷയാകുവാന്‍, നമ്മുടെ ഭരണസിരകളില്‍ നമ്മുടെ മനസ്സുകളില്‍തന്നെ മലയാളം വീണ്ടും പൂവണിഞ്ഞേ മതിയാകൂ.
സമഗ്രമായ ഒരു മാതൃഭാഷനയം രൂപീകൃതമായേ മതിയാവൂ. ഭാഷയുടെ വികാസത്തിന് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ വേണ്ടിവന്നാല്‍ നിയമഭേദഗതികള്‍ കൈക്കൊള്ളുവാന്‍, ഈ പദ്ധതി കൊണ്ടു ലഭ്യമാകുന്ന സാന്പത്തിക സഹായത്തിന്‍റെ ക്രിയാത്മകവിനിയോഗത്തിനും മറ്റുമായി സര്‍ക്കാരില്‍ ഒരു വകുപ്പ് തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു. കക്ഷിതല്പര്യമോ സ്വാര്‍ത്ഥതാല്പര്യങ്ങളോ അകം കയറാതെ ഭാരിച്ച ഉത്തരവാദിത്വത്തെ ആത്മാര്‍ത്ഥതയോടെയും, ആദരവോടെയും നിറവേറ്റുവാന്‍ കഴിയുന്ന ഭാഷാസ്നേഹികളുടെ ഒരു കൂട്ടായ്മയും അനിവാര്യമാണ്.
എല്ലാത്തരം അധിനിവേശങ്ങളുടേയും ആകര്‍ഷിക്കപ്പെടലുകളുടേയും ഇടയില്‍ നമ്മുടെ പ്രതിരോധത്തന്‍റെ ഏറ്റവും വലിയ കോട്ട നമ്മുടെ മാതൃഭാഷ തന്നെയാണ്. മണ്ണില്‍ നിന്ന് ഭാഷയുടെ മണം വിട്ടകന്നാല്‍ പിന്നെ നമ്മുടെ ജനതയും സംസ്ക്കാരവും എന്നേയ്ക്കുമായി എവിടേയ്ക്കോ മറഞ്ഞുപോകും. അതുകൊണ്ട് മലയാളത്തെ സ്നേഹിക്കുക. ഒപ്പം മറ്റിതര ഭാഷകളേയും.
SHARE

About Unknown

0 comments :

Post a Comment