Home » » സ്ത്രീ പീഢനം അന്നും, ഇന്നും

സ്ത്രീ പീഢനം അന്നും, ഇന്നും

Written By Unknown on Thursday, 21 January 2016 | 21:49
















സ്ത്രീ പീഢനം അന്നും, ഇന്നും
ലോകോത്തര സംസ്ക്കാരത്തില്‍ പുകള്‍പെറ്റ നാടാണ് ഭാരതം. ഇവിടെ സാമൂഹികജീവിതത്തിലും വ്യക്തിജീവിതത്തിലും സംസ്കാരത്തിന്‍റെ തനിമ നിലനിര്‍ത്തിയിരുന്നത് ഋഷിപ്രോക്തങ്ങളായ ശ്രുതികളിലേയും സ്മൃതികളിലേയും വചനങ്ങളായിരുന്നു. എന്നാല്‍ വൈദിക കാലത്തിനു ശേഷം ഭാരതീയ സംസ്കാരത്തിനു സംഭവിച്ച അധഃപതനം ഏറെ ഭവിഷ്യത്തുക്കളുളവാക്കിയത് പ്രധാനമായും രണ്ടു കാര്യങ്ങളിലാണ്. സവര്‍ണ്ണ- അവര്‍ണ്ണ വിവേചനത്തിലൂടെ ഉണ്ടായ സാമൂഹിക അസമത്വവും പുരുഷമേധാവിത്വത്തിലൂടെ സ്ത്രീ സംസ്ക്കാരത്തിനുണ്ടായ അപചയവുമാണവ. ഭാരതസ്ത്രീകളുടെ ഭാവശുദ്ധിക്ക് മഹിമയും തനിമയും തീര്‍ക്കുന്ന പ്രമാണങ്ങള്‍ പലതും ഇക്കാലയളവില്‍ ചെപ്പടി വിദ്യയാലെന്നപോലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പകരം സ്ത്രീയെ ഉപഭോഗവസ്തുവായി മാത്രം ചിത്രീകരിച്ചുകൊണ്ടുള്ള സൂക്തങ്ങളും പ്രമാണങ്ങളും പ്രത്യക്ഷപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങളില്‍ സവര്‍ണ്ണാവര്‍ണ്ണഭേദമില്ലാതെ സ്ത്രീകളനുഭവിക്കുന്ന യാതനകള്‍ക്ക് അറുതിയില്ലാതെയായി. മിഷനറിമാരുടെ പ്രവര്‍ത്തനം സ്ത്രീവിമോചനത്തിനു വേണ്ടിയും പ്രാധാന്യം കല്പിച്ചത് ആദ്യചുവടുവെയ്പായി.
എങ്കിലും ശ്രീനാരായണഗുരുദേവന്‍റെ കാലഘട്ടത്തോടെയാണ് യാഥാര്‍ത്ഥത്തില്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് അവരുടേതായ വ്യക്തിത്വവും പദവിയും പുനഃസ്ഥാപിക്കാനായത്. സ്ത്രീപുരുഷ സമത്വത്തിനുവേണ്ടി സ്ത്രീ വിദ്യാഭ്യാസത്തിന് മുഴുവന്‍ ഊന്നല്‍ നല്‍കി, അതോടൊപ്പം ആചാരങ്ങളുടെ അടിമത്വത്തില്‍ നിന്ന് സ്ത്രീയുടെ വിമോചനം ലക്ഷ്യമാക്കികൊണ്ടുള്ള കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കി. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം ലഭിക്കുവാന്‍ തക്കവണ്ണമുള്ള സന്ദേശങ്ങള്‍ ശ്രീനാരായണ ധര്‍മ്മത്തിലൂടെ രൂപകല്പന ചെയ്തു. പതിവ്രതയും സാത്വിയുമായ സ്ത്രീകളെ ദേവന്മാര്‍പ്പോലും ആരാധിക്കുമെന്നും അവരെ പീഡിപ്പിക്കുന്നത് സ്വന്തം ഭര്‍ത്താവാണെങ്കില്‍കൂടിയും, ദേവന്‍മാരാല്‍ ശപിക്കപ്പെടാന്‍ ഇടയാക്കുമെന്നും ശ്രീനാരായണധര്‍മ്മത്തില്‍ പ്രസ്ഥാവിച്ചിരിക്കുന്നു. പൈതൃകസംസ്ക്കാരത്തിന്‍റെ പുനഃരുദ്ധാരണത്തനുവേണ്ടി ജീവനാഡികളായ ഇത്തരം പ്രമാണങ്ങള്‍ക്ക് ഗുരുദേവന്‍ പുനഃസൃഷ്ടി നടത്തിയെങ്കിലും സുഖലോലുപതയില്‍ നിമജ്ഞനം ചെയ്യപ്പെട്ടിരിക്കുന്ന ചിലര്‍ ഇതൊന്നും കണ്ടതായി നടിക്കുന്നില്ല. ധാര്‍മ്മികമായ ഉള്‍ക്കാഴ്ചയില്ലായ്മയും മാനവികമൂല്യങ്ങളുടെ തിരോധാനവും ക്രമേണ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. അതുമൂലം സ്ത്രീ വിരുദ്ധതയും കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. രാജ്യത്ത് സ്ത്രീപീഡനവും, ആത്മഹത്യയും ഏറ്റവും കൂടുതല്‍ കേരളത്തിലാണ് നടക്കുന്നതെന്നുള്ള വെളിപ്പെടുത്തല്‍ ഇതിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്.പെണ്‍വാണിഭത്തിന്‍റെയും കൂട്ടബലാത്സംഘത്തിന്‍റെയും വിവരങ്ങള്‍ തുടര്‍ക്കഥയെന്നോണം നാം വായിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നാരീപൂജകള്‍ നടക്കുന്നതായി നമുക്കറിയാം. അതേ കേരളത്തില്‍ തന്നെ നവജാത പെണ്‍ശിശുക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തുന്നത് ഒരു സാധാരണ വാര്‍ത്തയായി നാം വായിച്ചു തള്ളുന്നു. പെണ്‍ഭ്രൂണഹത്യകള്‍ നിയമംകൊണ്ട് നിരോധിച്ചിട്ടുണ്ടെങ്കിലും അതും വളരെയധികം നടക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. കമ്പ്യൂട്ടര്‍ വിജ്ഞാനം വിവരസാങ്കേതിക മേഖലയില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും മറുവശത്ത് ലൈംഗിക അരാചകത്വത്തിന് വഴിയൊരുക്കുന്നുവെന്നതിന്‍റെ പ്രത്യക്ഷോദാഹരണമാണ് ഇന്‍റര്‍നെറ്റിലുള്ള ഒരു ലക്ഷത്തോളം വരുന്ന അശ്ലീലസെറ്റുകള്‍. ഒരു ദിവസം 500 സൈറ്റുകളെങ്കിലും പുതുതായി ഉണ്ടാവുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തരം അശ്ലീലസൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന നഗ്നചിത്രങ്ങളും മറ്റും കണ്ട് പ്രചോദിതരാകുന്നവര്‍ സ്ത്രീപീഢനവും പെണ്‍വാണിഭവും വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നില്ലേ? സ്ത്രീ വിരുദ്ധമായ അശ്ലീല സംസ്ക്കാരത്തെ വര്‍ദ്ധിപ്പിക്കുന്നതില്‍ ആഗോളവല്‍ക്കരണവും വാണിജ്യവല്‍ക്കരണവും വഹിക്കുന്ന പങ്കും നാം നിശ്ശബ്ദമായി നോക്കിരസിക്കുന്നു. ബ്രാഹ്മണമേധാവിത്വവും സേച്ഛാധിപത്യവും സൃഷ്ടിച്ച തീക്കനലുകളാണ് മുന്പു സ്ത്രീ-പക്ഷങ്ങള്‍ എരിച്ചു കളഞ്ഞതെങ്കില്‍ ഭൗതിക വിജ്ഞാനത്തിന്‍റെ അനന്തസാദ്ധ്യതയിലേയ്ക്കുള്ള പ്രയാണത്തിനിടയില്‍ ആത്മീയത ചൊരിയുന്ന സൗരഭ്യം ഘ്രാണിക്കുവാന്‍ നാം മനഃപൂര്‍വ്വമോ അല്ലാതെയോ മറന്നതായിരിക്കണം. ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ഈ മൂല്യച്യുതികള്‍ക്ക് കാരണമായിരിക്കുന്നത്. സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ക്കൊണ്ടോ, സ്ത്രീപുരുഷസമത്വവാദം കൊണ്ടോ ഈ മൂല്യച്യുതിയ്ക്ക് ഇതുവരെ പരിഹാരമായിട്ടില്ല . ആത്മീയതയുടെ പ്രകാശത്തില്‍ തെളിയുന്ന ധാര്‍മ്മിക അവബോധമാണ് ഇതിനു പ്രതിവിധിയായിട്ടുള്ളത്. ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ചെങ്കില്‍ മാത്രമേ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാവുകയുള്ളുവെന്ന ഗുരുദേവദര്‍ശനത്തിന്‍റെ കാലിക പ്രസക്തി ‘ഈ വനിതാദിനം’ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.
SHARE

About Unknown

0 comments :

Post a Comment